
ന്യൂഡൽഹി: ഇന്ത്യക്കാരുടെ അമേരിക്കൻ വിസയ്ക്കുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാൻ പ്രസിഡൻ്റ് ജോ ബൈഡൻ തന്നോട് നിർദ്ദേശിച്ചതായി ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി. ഇതാദ്യമായാണ് ഒരു അമേരിക്കൻ പ്രസിഡൻ്റ് ഏതെങ്കിലും രാജ്യത്തെ അംബാസഡർക്ക് ഇത്തരമൊരു നിർദേശം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ 250 ദിവസമാണ് യുഎസ് വിസയ്ക്കായുള്ള ഇന്ത്യക്കാരുടെ കാത്തിരിപ്പു സമയം.
“ഇന്ത്യയിലെ വിസ കാത്തിരിപ്പ് സമയം കുറയ്ക്കാൻ പ്രസിഡൻ്റ് എന്നോട് പറഞ്ഞു. ഏതെങ്കിലും രാജ്യത്തെ ഒരു അംബാസഡറോട് ആദ്യമായാണ് ഒരു പ്രസിഡൻ്റ് അങ്ങനെ പറയുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു,” എറിക് ഗാർസെറ്റി വാർത്താ ഏജൻസിയായ ANI-ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കോൺഗ്രസ് ഉണ്ടാക്കിയ നിയമങ്ങളാണ് കാത്തിരിപ്പുസമയം ഇത്രയും കൂടാൻ ഒരുപരിധിവരെ കാരണമെന്ന് എറിക് ഗാർസെറ്റി ചൂണ്ടിക്കാട്ടി. നിയമപരമായ കുടിയേറ്റം, ഗ്രീൻ കാർഡ്, പൗരത്വം തുടങ്ങിയ വിഷയങ്ങളിൽ യുഎസ് കോൺഗ്രസ് ഇടപെടേണ്ടതുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. വിസ കാത്തിരിപ്പ് സമയങ്ങളിൽ 75% കുറവുണ്ടായതായും ഗാർസെറ്റി വ്യക്തമാക്കി.
“കഴിഞ്ഞ വർഷം, ഇന്ത്യയിലെ എംബസി 1.4 ദശലക്ഷം വിസകൾ പ്രോസസ്സ് ചെയ്തു. എല്ലാ വിസ വിഭാഗങ്ങളിലും അവിശ്വസനീയമായ സംഖ്യകളുടെ ഒരു വർധനവുണ്ടായി,” യുഎസ് ബ്യൂറോ ഓഫ് കോൺസുലർ അഫയേഴ്സ് അസിസ്റ്റൻ്റ് സെക്രട്ടറി റെന ബിറ്റർ പറഞ്ഞു.















