
വാഷിങ്ടൺ: നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകളുടെ വിജയസാധ്യത ഇല്ലാതാക്കാൻ ജോ ബൈഡന്റെ സ്ഥാനാർത്ഥിത്വം കാരണമായേക്കുമെന്ന് മുൻ ഹൗസ് സ്പീക്കർ നാൻസി പെലോസി. മൂന്നാം തവണയും കോവിഡ് ബാധിതനായി കഴിയുന്ന ജോ ബൈഡനോട് നാൻസി പെല്ലാസി ഇത് സംബന്ധിച്ച് സ്വകാര്യ സംഭാഷണം നടത്തിയെന്നാണ് റിപ്പോർട്ട്.
എന്നാൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ തനിക്ക് ഇനിയും അവസരമുണ്ടെന്ന് 81 കാരനായ ബൈഡൻ, പെലോസിക്ക് മറുപടി നൽകിയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
ഡൊണാൾഡ് ട്രംപുമായുള്ള സംവാദത്തിൽ ബൈഡൻ മോശം പ്രകടനത്തിന് ശേഷം നേരത്തെയും നാൻസി പെലോസി അദ്ദേഹത്തോട് സംസാരിച്ചിരുന്നു. ഇത് ഇരുവരും തമ്മിലുള്ള രണ്ടാമത്തെ സംഭാഷണമാണ്. ഫോണിലൂടെയാണ് പ്രസിഡൻ്റുമായി പെലോസി സംസാരിച്ചത്.
ബൈഡനുള്ള നിരുപാധിക പിന്തുണയിൽ നിന്ന് പെലോസി അല്പം പുറകോട്ട് പോയെങ്കിലും, അദ്ദേഹം മത്സരത്തിൽ നിന്ന് പൂർണ്ണമായും പിന്മാറണമെന്ന് നാൻസി പെലോസി ആവശ്യപ്പെടുമോ എന്നറിയില്ല. അടുത്തിടെ ഒരഭിമുഖത്തിൽ, മത്സരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ബൈഡനാണെന്നും, സമയം കുവായതുകൊണ്ട് അദ്ദേഹത്തെ തീരുമാനമെടുക്കാൻ തങ്ങൾ പിന്തുണയ്ക്കുന്നുവെന്നും പെലോസി പറഞ്ഞിരുന്നു.
അടുത്തിടെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തിന് ശേഷം ട്രംപിനെ പിന്തുണച്ച് പെലോസി രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ അക്രമത്തിന് ഇരയായ കുടുംബം എന്ന നിലയിൽ, ഒരു തരത്തിലുള്ള രാഷ്ട്രീയ അക്രമത്തിനും നമ്മുടെ സമൂഹത്തിൽ സ്ഥാനമില്ലെന്ന് ഞാൻ പറയുന്നു. മുൻ പ്രസിഡൻ്റ് ട്രംപ് സുരക്ഷിതനായിരിക്കുന്നു എന്നതിൽ ഞാൻ ദൈവത്തിന് നന്ദി പറയുന്നു. അതേസമയം, വെള്ളിയാഴ്ച മുതൽ ബൈഡനുമായി പെലോസി സംസാരിച്ചിട്ടില്ലെന്ന് പെലോസിയുടെ വക്താവ് സിഎൻഎന്നിനോട് പറഞ്ഞു.