
വാഷിംഗ്ടണ്‍: കഴിഞ്ഞ ദിവസം ഗാസയിലെ റഫയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ലോകമെമ്പാടുനിന്നും പരക്കെ വിമര്‍ശനം ഉയരുകയാണ്. എന്നാല്‍ ആക്രമണത്തെത്തുടര്‍ന്ന് ഇസ്രായേലിനോടുള്ള നയം മാറ്റാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന് പദ്ധതിയില്ലെന്ന് വൈറ്റ് ഹൗസ് ചൊവ്വാഴ്ച പറഞ്ഞു. മാത്രമല്ല, റാഫയിലെ ഇസ്രയേലിന്റെ പ്രവര്‍ത്തനങ്ങള്‍ ബൈഡന്റെ ‘റെഡ് ലൈന്‍’ ലംഘിക്കുന്ന ഒരു പ്രവര്‍ത്തനമാണെന്ന് വാഷിംഗ്ടണ്‍ വിശ്വസിക്കുന്നില്ലെന്നും ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.
എങ്കിലും, ആക്രമണത്തെത്തുടര്‍ന്നുണ്ടായ മരണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ‘ഇതൊന്നും ഞങ്ങള്‍ കണ്ണടച്ചിരിക്കുന്ന ഒന്നല്ല’ എന്നായിരുന്നു കിര്‍ബിയുടെ മറുപടി.
ഒരു ദശലക്ഷം ജനങ്ങള്‍ പലായനം ചെയ്ത റഫയിലെ ഒരു വലിയ ഇസ്രായേലി സൈനിക ആക്രമണത്തെ പിന്തുണയ്ക്കില്ലെന്ന് ബൈഡന്‍ മുമ്പ് പറഞ്ഞിരുന്നു. കൂടാതെ റഫയ്‌ക്കെതിരെ ഉപയോഗിച്ചേക്കുമെന്ന ആശങ്കയെത്തുടര്‍ന്ന് ഈ മാസം ആദ്യം ഇസ്രായേലിലേക്കുള്ള വലിയ ബോംബുകളുടെ കയറ്റുമതി താല്‍ക്കാലികമായി അമേരിക്ക നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. ആയുധശേഖരത്തിലെ ഏറ്റവും ചെറിയ ബോംബ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേലിന്റെ പ്രാഥമിക അന്വേഷണത്തില്‍നിന്ന് സൂചന ലഭിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ ആക്രമണത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു.
ആക്രമണത്തില്‍ രണ്ട് മുതിര്‍ന്ന ഹമാസ് തീവ്രവാദികളെ കൊല്ലുകയായിരുന്നു ലക്ഷ്യമെന്ന് ഇസ്രായേല്‍ പറഞ്ഞു. 45 പേരുടെ മരണത്തെ ‘ദാരുണമായ അപകടം’ എന്നാണ് ഇസ്രായേല്‍ വിശേഷിപ്പിച്ചത്.