
ന്യൂയോർക്ക്: ന്യൂയോർക്കിൽ യു എൻ ജനറൽ അസംബ്ലിയോടനുബന്ധിച്ച് ബംഗ്ലാദേശ് സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസുമായി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ കൂടിക്കാഴ്ച നടത്തി. ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന് യു എസിൻ്റെ പൂർണ പിന്തുണ ബൈഡൻ വാഗ്ദാനം ചെയ്തെന്നാണ് മുഹമ്മദ് യൂനുസ് പിന്നാലെ പ്രതികരിച്ചത്. ബംഗ്ലാദേശിനെ പുനഃനിർമ്മിക്കുന്നതിന് അമേരിക്കയുടെ സഹകരണം തേടിയെന്നും സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവ് കൂടിയായ യൂനുസ് അറിയിച്ചു.
വിദ്യാർത്ഥികൾ എന്തുകൊണ്ടാണ് ഹസീന സർക്കാരിൻ്റെ സ്വേച്ഛാധിപത്യത്തിനെതിരെ പ്രതിഷേധിച്ചതെന്നും ബംഗ്ലാദേശിനെ പുനഃനിർമ്മിക്കാനുള്ള അവസരം സൃഷ്ടിക്കാൻ തങ്ങളുടെ ജീവൻ ബലി നൽകിയെന്നും യൂനുസ്, ബൈഡനോട് വിവരിച്ചതായും വിവരമുണ്ട്. വിദ്യാർത്ഥികൾക്ക് അവരുടെ രാജ്യത്തിനായി ഇത്രയധികം ത്യാഗം ചെയ്യാൻ കഴിയുമെങ്കിൽ, നിങ്ങൾ കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്ന് ബൈഡൻ ആവശ്യപ്പെട്ടു. യു എൻ സമ്മേളനത്തിലെത്തി ലോകബാങ്ക് പ്രസിഡൻ്റ് അജയ് ബംഗ, യു എൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്ക് എന്നിവരുൾപ്പെടെ നിരവധി നേതാക്കളെയും യൂനുസ് കണ്ടു.