ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ അഞ്ച് ഘട്ടങ്ങൾ പൂർത്തിയാകുമ്പോൾ, താരപ്രചാരകരുടെ തിരഞ്ഞെടുപ്പ് പ്രസംഗങ്ങളിൽ ഭരണകക്ഷിയായ ബിജെപിക്കും മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനുമെതിരെ രൂക്ഷവിമർശനവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെയും പ്രസംഗങ്ങൾക്കെതിരെ ഇരു പാർട്ടികളും പരസ്പരം പരാതി നൽകിയതിന് പിന്നാലെയാണിത്.
ബിജെപി അധ്യക്ഷൻ ജെപി നദ്ദയ്ക്കും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും നൽകിയ പ്രത്യേക നിർദ്ദേശങ്ങളിൽ, രാജ്യത്തിൻ്റെ സാമൂഹിക-സാംസ്കാരിക ചുറ്റുപാടുകളെ തെരഞ്ഞെടുപ്പിന്റെ ഇരയാക്കാൻ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു.
മോദിയുടെയും രാഹുലിന്റെയും പ്രസംഗങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. സമൂഹത്തെ ഭിന്നിപ്പിക്കുന്ന പരാമർശങ്ങൾ താരപ്രചാരകർ ഒഴിവാക്കണം. പ്രചാരണത്തിൽ മതപരവും സാമുദായികവുമായ പരാമർശങ്ങൾ ഒഴിവാക്കണമെന്നു കമ്മിഷൻ നിർദേശിച്ചു.
നേരത്തേ, കോൺഗ്രസിനെതിരെയും മുസ്‍ലിംകൾക്കെതിരെയും വിദ്വേഷ പ്രചാരണവുമായി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. അധികാരത്തിൽ വന്നാൽ ഹിന്ദുക്കൾക്കെതിരെ കോൺഗ്രസ് തിരിയുമെന്ന് മോദി പ്രസംഗിച്ചു. കോൺഗ്രസ് അധികാരത്തിൽ വന്നാൽ രാമക്ഷേത്രത്തിന് ബാബരി പൂട്ടിടുമെനനും മോദി പറഞ്ഞിരുന്നു.
ജനങ്ങളുടെ സമ്പത്ത് മുസ്ലീങ്ങൾക്കിടയിൽ പുനർവിതരണം ചെയ്യാൻ പ്രതിപക്ഷ പാർട്ടി ആഗ്രഹിക്കുന്നുവെന്നും വിവാഹിതരായ സ്ത്രീകളുടെ മംഗൾസൂത്ര പോലും പ്രതിപക്ഷ പാർട്ടി വിട്ടുനൽകില്ലെന്നുമുള്ള പ്രധാനമന്ത്രി മോദിയുടെ ആരോപണത്തിൽ കോൺഗ്രസ് നേരത്തെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു.