
ന്യൂയോർക്ക്: ഫൊക്കാനയുടെ പ്രമുഖ നേതാവും സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായ ബിജു ജോൺ കൊട്ടാരക്കരയെ ഫൊക്കാനയുടെ 2024 -26 ഭരണസമിതിയിൽ ട്രസ്റ്റി ബോർഡ് മെംബെർ ആയി ന്യൂയോർക്ക് മലയാളി അസോസിയേഷൻ (നൈമാ) ജനറൽ ബോഡി നാമനിർദ്ദേശം ചെയ്തു.
ഫൊക്കാനയുടെ കരുത്തുറ്റ നേതാവും മികച്ച സംഘാടകനുമായ ബിജു ജോൺ കൊട്ടാരക്കര സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ-സാമുദായിക മേഖലകളിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഫൊക്കാനയുടെ 2022-24 ഭരണസമിതിയുടെ ട്രഷററായിരിക്കെ മികവുറ്റ സാമ്പത്തിക കാര്യനിർവഹണവും സംഘടനാ വൈദഗ്ധ്യവും കാഴ്ചവച്ചു. നാളിതുവരെയുള്ള പ്രവർത്തന മികവിനും നേതൃപാടവത്തിനുമുള്ള അംഗീകാരമായാണ് ഈ നാമനിർദ്ദേശം.
ബിജു ജോണിന്റെ ട്രസ്റ്റി ബോർഡ് സ്ഥാനാർഥിത്വത്തിന് ഫൊക്കാനയിലെ മുതിർന്ന നേതാക്കളുടെ അംഗീകാരവും മെംബ അസ്സോസിയേഷനുകൾക്കിടയിൽ വമ്പിച്ച സ്വീകാര്യതയും ലഭിച്ചു. ഫൊക്കാനയുടെ മുൻ അഡീഷണൽ അസോസിയേറ്റ് ട്രഷറർ ആയി പ്രവർത്തിച്ച് ഫ്ലോറിഡ കൺവെൻഷന്റെ ചുക്കാൻ പിടിച്ചതു ബിജുവിന്റെ സംഘടനാ പാടവത്തിന്റെ ഉത്തമ ഉദാഹരണമാണ്. ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമെന്ന നിലയിൽ ഫൊക്കാനയുടെ നിരവധി പരിപാടികളിൽ സജീവ സാന്നിധ്യമായിരുന്ന ഇദ്ദേഹം വിവിധ സ്റ്റേറ്റുകളിലും ഇന്ത്യയിലും യാത്ര ചെയ്ത് ഫൊക്കാനയുടെ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. വാഷിംഗ്‌ടൺ ഡി സി, ഒർലാണ്ടോ കൺവെൻഷന്റെ വിജയത്തിനായി അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലായി നടന്ന റീജണൽ മീറ്റിങ്ങുകൾ, രജിസ്ട്രേഷൻ കിക്ക് ഓഫ് ചടങ്ങുകൾ തുടങ്ങിയവയി നേരിട്ട് പങ്കെടുത്തിരുന്നു.
നിലവിൽ ലോക കേരള സഭാംഗമായ ബിജു ജോൺ കൊട്ടാരക്കര ഒരു എഴുത്തുകാരനും അറിയപ്പെടുന്ന മാധ്യമ പ്രവർത്തകനുമാണ്. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐ.പി.സി.എൻ.എ) യുടെ ന്യൂയോർക്ക് ചാപ്റ്റർ ഭാരവാഹിയായിരുന്ന അദ്ദേഹം ഫൊക്കാനയുടെ ത്രൈമാസികയായ ഫൊക്കാന ടുഡേയുടെ ചീഫ് എഡിറ്ററായും കൺവെൻഷൻ മാഗസിൻ ചീഫ് എഡിറ്ററായും, കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂ യോർക്ക് സിൽവർ ജൂബിലി സുവനീർ ചീഫ് എഡിറ്ററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ കേരളാ എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ് അസോസിയേഷൻ ഇൻ നോർത്ത് അമേരിക്കയുടെ (കീൻ) ന്യൂസ് ലെറ്റർ ആൻഡ് പുബ്ലിക്കേഷൻസ് കോർഡിനേറ്റർ ആണ്. കീൻ ലോങ്ങ് ഐലൻഡ് റീജിയണൽ വൈസ് പ്രസിഡന്റ്, പബ്ലിക് റിലേഷൻ കോർഡിനേറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
എൻജിനീയറിങ്, എം.ബി.എ ബിരുദങ്ങൾ കരസ്ഥമാക്കിയ ബിജു ജോൺ കൊട്ടാരക്കര സ്കൂൾ-കോളേജ് പഠന കാലത്തു കേരള സ്റ്റുഡന്റ്സ് യൂണിയൻ, സ്കൗട്ട്, നാഷണൽ കേഡറ്റ് കോർപ്സ് എന്നീ സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഫൊക്കാനയിൽ സജീവമായതോടെയാണ് തന്റെ പ്രവർത്തനമേഖലയ്ക്ക് ഒരു പുതിയ ദിശാ ബോധം കൈവരിച്ചരിച്ചതെന്ന് ബിജു സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹം നിരവധി സ്ഥാനാർത്ഥികളുടെ പ്രചാരണത്തിൽ സജീവമായി പങ്കെടുക്കുകയും തെരെഞ്ഞെടുപ്പ് ഫണ്ടിലേക്കുള്ള ധനസമാഹരണത്തിനു ചുക്കാൻ പിടിക്കുകയും ചെയ്തിട്ടുണ്ട്.
ഡോ. ബാബു സ്റ്റീഫന്റ്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയിൽ ട്രഷറർ എന്ന നിലയിൽ ബിജു നടത്തിയ പ്രവർത്തനം എതിരാളികളുടെ പോലും പ്രശംസ പിടിച്ചു പറ്റുന്നതായിരുന്നു.
ബിജു ജോൺ കൊട്ടാരക്കരയുടെ മികച്ച നേതൃപാടവവും പ്രവർത്തന പരിചയവും ഫൊക്കാനാ ട്രസ്റ്റി ബോർഡിന്റ്റെ പ്രവർത്തനങ്ങക്ക് ഏറെ മുതൽക്കൂട്ടായിരിക്കും. സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ കർമ്മനിരതരായ വ്യക്തിത്വങ്ങൾക്ക് മാത്രം പ്രാധാന്യം നൽകിക്കൊണ്ടുള്ള സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീം ഫൊക്കാന ബിജു ജോണിന്റെ ട്രസ്റ്റി ബോർഡ് സ്ഥാനാർഥിത്വത്തത്തെ സ്വാഗതം ചെയ്തു.















