അനുഭവ പരിചയവും, സംഘാടന മേന്മയുമായി ബിജു തോണിക്കടവില്‍ 2026- 2028 ഫോമാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു

ഫ്‌ളോറിഡ : അനുഭവ പരിചയവും സംഘാടന നൈപുണ്യവുമുള്ള ഫോമയുടെ ജനകീയ നേതാവ് ബിജു തോണിക്കടവില്‍ 2026- 2028 കാലയളവില്‍ ഫോമാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു.

ഫോമായുടെ നേതൃപദവികളില്‍ പ്രവര്‍ത്തിച്ച് അമേരിക്കന്‍ മലയാളികളുടെ അഭിനന്ദനം ഏറ്റുവാങ്ങിയ ബിജു തോണിക്കടവില്‍ ഫോമയുടെ എക്കാലത്തേയും മികച്ച നേതാവ് എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമാണ്. ഫോമായ്ക്ക് ആഗോള തലത്തില്‍ അടിത്തറയുണ്ടാക്കിക്കൊടുത്ത ഫോമാ വില്ലേജ് പ്രോജക്ട് സമയത്ത് തുടങ്ങിയ നേതൃത്വ പരമായ പ്രവര്‍ത്തനങ്ങള്‍ ഫോമയില്‍ അദ്ദേഹത്തിന് നേടിക്കൊടുത്ത സ്ഥാനങ്ങള്‍ ചെറുതല്ല.

ഫിലപ്പ് ചാമത്തില്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ച കാലഘട്ടത്തില്‍ കേരളത്തിലുണ്ടായ വെള്ളപ്പൊക്കക്കെടുതി മുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് ഫോമയ്‌ക്കൊപ്പം അഹോരാത്രം പ്രവര്‍ത്തിച്ച ആര്‍. വി.പി എന്ന നിലയില്‍ ഫോമാ വില്ലേജിന് നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതായിരുന്നു. തുടര്‍ന്ന് അനിയന്‍ ജോര്‍ജ് പ്രസിഡന്റായ സമയത്ത് ജോയിന്റ് ട്രഷററായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. കോവിഡ് കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായി എന്ന് മാത്രമല്ല, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. കോവിഡിന്റെ വ്യാപന സാഹചര്യത്തില്‍ കേരളത്തിലെ വിവിധ ആശുപത്രികളില്‍ വെന്റിലേറ്ററുകള്‍ നല്‍കുന്നതില്‍ മികച്ച സേവനമാണ് ഫോമാ അന്ന് നടത്തിയത്. പിന്നീട് ഡോ. ജേക്കബ് തോമസ് പ്രസിഡന്റായ സമയത്ത് ഫോമയുടെ ട്രഷററായി നടത്തിയ സംഘടനാ പ്രവര്‍ത്തനങ്ങള്‍ പ്രവാസി സംഘടനകള്‍ക്ക് വലിയ മാതൃകയായി. വലിയ നീക്കിയിരിപ്പ് സംഘടനയ്ക്ക് ഉണ്ടാക്കിക്കൊടുത്തുകൊണ്ട് പടിയിറങ്ങിയ ട്രഷറാര്‍ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ അത് അര്‍ഹതയ്ക്ക് അമേരിക്കന്‍ മലയാളി നല്‍കേണ്ട അംഗീകാരമായി മാറും എന്നതില്‍ സംശയമില്ല.

‘എന്തു കൊണ്ടും അര്‍ഹന്‍’ എന്ന് ഒറ്റ വാചകത്തില്‍ ബിജു തോണിക്കടവിലിനെ അടയാളപ്പെടുത്തുമ്പോള്‍ ഫോമായ്‌ക്കൊപ്പം സഞ്ചരിക്കുന്ന ഏതൊരാള്‍ക്കും അഭിമാനിക്കാം. മികച്ച ഒരു സംഘാടകനെ ഒപ്പം കൂട്ടിയതിലെ സന്തോഷമാണത്. എല്ലാവരേയും ഒപ്പം നിര്‍ത്തി , കൂടെ നില്‍ക്കുന്ന മനുഷ്യര്‍ക്ക് പ്രവര്‍ത്തിക്കാന്‍ അവസരവും വേദികളും നല്‍കി സംഘടനയെ വളര്‍ത്തുന്ന ശൈലിയാണ് ബിജു തോണിക്കടവിലിന്റേത്. ആര്‍ വി പി ആയും , ജോയിന്റ് ട്രഷറര്‍ ആയും, ട്രഷററായും പ്രവര്‍ത്തിക്കുമ്പോഴും, ഓരോ ടീമില്‍ നിന്നും ലഭിച്ച പിന്തുണയുടെ ബലമാണ് തന്നെ 2026- 2028 കാലയളവില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കണമെന്ന് തോന്നാന്‍ കാരണം. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫോമാ ട്രഷറര്‍ ആയി സ്ഥാനം ഏല്‍ക്കുമ്പോള്‍ വ്യക്തമായ പ്ലാനിംഗ് ഉണ്ടായിരുന്നു. ഫോമായുടെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ എല്ലാം കൃത്യമായി തുടരുകയും പുതിയ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു.

കേരളാ കണ്‍വെന്‍ഷന്‍, കാന്‍ കൂണ്‍ കണ്‍വെന്‍ഷന്‍ എന്നിവ ഏറ്റവും ഭംഗിയായി സംഘടിപ്പിക്കുവാന്‍ കഴിഞ്ഞു. 2024 ല്‍ അധികാരം ബേബി മണക്കുന്നേല്‍ ബൈജു വര്‍ഗീസ്, സിജില്‍ പാലക്കലോടി, ഷാലു പുന്നൂസ്, പോള്‍ ജോസ്, അനുപമ കൃഷ്ണന്‍ ടീമിന് കൈമാറുമ്പോള്‍ ഡോ. ജേക്കബ് തോമസ് നേതൃത്വം നല്‍കിയ ടീമിന് ഒരു വലിയ നീക്കിയിരിപ്പ് നല്‍കാനായി എന്നത് ട്രഷറാര്‍ എന്ന നിലയില്‍ വലിയ അഭിമാനം ആയിരുന്നു. അതിലുപരി മറ്റ് സംഘടനകള്‍ക്ക് ഫോമാ ഒരു മാതൃകയും ആയി തീര്‍ന്നു. ഈ തുക വയനാട് പുനരധിവാസ പദ്ധതികള്‍ക്കായി മാറ്റി വെയ്ക്കാനാണ് ഞങ്ങളുടെ ടീം പുതിയ ടീമിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ജനോപകാര പ്രദമായ രീതിയില്‍ പദ്ധതികളെ നടപ്പിലാക്കാന്‍ ഫോമയോളം പ്രബലമായ മറ്റൊരു സംഘടനയില്ല എന്നാണ് ബിജു തോണിക്കടവിലിന്റെ പക്ഷം. ഫോമാ വില്ലേജ് പോലെ കേരളത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് മാതൃകയായ മറ്റൊരു പ്രോജക്ട് ഉണ്ടോ എന്നും സംശയമാണ്. ഈ ഐക്യവും സന്തോഷവും സ്‌നേഹവും ഊട്ടിയിണക്കി ഫോമയ്ക്ക് പുതിയ ഒരു മുഖം നല്‍കാനുള്ള ഫോമാ പ്രവര്‍ത്തകരുടെ നിശ്ചയ ദാര്‍ഢ്യത്തിനൊപ്പം പ്രവര്‍ത്തിക്കാനാണ് തനിക്ക് താലപര്യം. ഒരു മികച്ച ടീമിനെ അവതരിപ്പിക്കാന്‍ , ഒപ്പം നില്‍ക്കാന്‍ ഫോമായെ സ്‌നേഹിക്കുന്നവര്‍ തന്നോടോപ്പം ഉണ്ടാകുമെന്ന് ഉറപ്പുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

88, 856 ഡോളര്‍ മിച്ചം വെച്ച് ഫോമയെ പുതിയ ടീമിനെ ഏല്‍പ്പിച്ച ട്രഷറര്‍ എന്ന ഖ്യാതി ബിജു തോണിക്കാവിലിന് സ്വന്തമാണ്. നഷ്ടങ്ങളുടെ കണക്കില്‍ നിന്ന് നീക്കിയിരിപ്പിന്റെ കണക്കിലേക്ക് ഫോമയെ ഉയര്‍ത്തിയ ട്രഷറാര്‍ എന്ന നിലയില്‍ നിന്ന് ഇനിയും ഫോമയ്ക്ക് നീക്കിയിരിപ്പിന്റെ ചരിത്രം സൃഷ്ടിക്കുവാനും , പ്രവര്‍ത്തനങ്ങളിലൂടെ ഫോമയ്ക്ക് ആഗോള തലത്തില്‍ പ്രാവിണ്യം നേടാനുമുള്ള പദ്ധതികള്‍ക്കാണ് ബിജു തോണിക്കടവില്‍ ലക്ഷ്യമിടുന്നത് .

തന്റെ കാലഘട്ടത്തില്‍ പ്രവര്‍ത്തന നിരതമായ പത്തിന പദ്ധതികള്‍ ഫോമയില്‍ അവതരിപ്പിച്ച് നടപ്പിലാക്കി ഫോമയെ ജനകീയമാക്കുവാനാണ് തന്റെ ലക്ഷമെന്നും നടപ്പിലാക്കുന്ന പദ്ധതികള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സുവ്യക്തമായ കാഴ്ചപ്പാടും വലിയ വ്യക്തിബന്ധങ്ങളുമുള്ള ബിജു തോണിക്കടവില്‍ ഫോമയ്ക്ക് എന്നും പ്രതിച്ഛായ സമ്മാനിക്കുന്ന നേതാവാണ്. ഒപ്പം സര്‍വ്വ സമ്മതനും – തീര്‍ച്ചയായും ഫോമയുടെ അമരത്തേക്ക് വരാന്‍ സര്‍വ്വഥാ യോഗ്യന്‍

More Stories from this section

family-dental
witywide