
ഗാന്ധിനഗര്‍: ബില്‍ക്കിസ് ബാനോ കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികളും ഗുജറാത്തിലെ പഞ്ച്മഹല്‍ ജില്ലയിലെ ഗോധ്ര സബ് ജയിലില്‍ ഇന്നലെ ഹാജരായി. സുപ്രീം കോടതി പുറപ്പെടുവിച്ച സമയപരിധി ഇന്നലെ അവസാനിക്കാനിരിക്കെയാണ് പ്രതികള്‍ ഞായറാഴ്ച വൈകുന്നേരം ഹാജരായത്.
സിംഗ്വാദ് രന്ധിക്പൂരില്‍ നിന്ന് രണ്ട് സ്വകാര്യ വാഹനങ്ങളിലായി രാത്രി 11.30നാണ് പ്രതികള്‍ ഗോധ്ര സബ് ജയിലില്‍ എത്തിയത്. ബകാഭായ് വോഹാനിയ, ബിപിന്‍ ചന്ദ്ര ജോഷി, കേസര്‍ഭായ് വോഹാനിയ, ഗോവിന്ദ് നായ്, ജസ്വന്ത് നായ്, മിതേഷ് ഭട്ട്, പ്രദീപ് മോര്‍ധിയ, രാധേഷ്യാം ഷാ, രാജുഭായ് സോണി, രമേഷ് ചന്ദന, ശൈലേഷ് ഭട്ട് എന്നിവരാണ് ശിക്ഷിക്കപ്പെട്ട 11 പ്രതികള്‍.
ജയില്‍ അധികൃതര്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി ജനുവരി 19നാണ് സുപ്രീം കോടതി തള്ളിയത്. എല്ലാ പ്രതികളും ജനുവരി 21-നകം ജയില്‍ അധികൃതര്‍ക്ക് മുമ്പാകെ കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
കീഴടങ്ങിയതിന് ശേഷം പ്രതികള്‍ക്ക് സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാനുള്ള അവസരമുണ്ട്. വിചാരണ നടന്നത് മഹാരാഷ്ട്രയിലായതിനാല്‍ അവിടുത്തെ സര്‍ക്കാരിന് മുമ്പാകെ പുതിയ ഇളവിനും പ്രതികള്‍ അപേക്ഷ നല്‍കിയേക്കും.