‘മുകേഷ് മാറിയേ തീരൂ, ധാർമികതയുടെ പേരിൽ മാറിനിൽക്കണം’; മുഖ്യമന്ത്രിയെ കണ്ട് ബിനോയ് വിശ്വം

തിരുവനന്തപുരം: ലൈംഗിക പീഡന ആരോപണം നേരിടുന്ന മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യത്തില്‍ കടുത്ത സമ്മര്‍ദ്ദവുമായി സിപിഐ. മുകേഷിന്റെ രാജി ആവശ്യം ചൂണ്ടിക്കാട്ടി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടിയുടെ നിലപാട് മുഖ്യമന്ത്രിയെ ബിനോയ് വിശ്വം നേരിട്ടറിയിച്ചു.

സംസ്ഥാന നിര്‍വാഹക സമിതിയുടെ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ കണ്ടത്. ബലാത്സംഗക്കുറ്റം ചുമത്തി പൊലീസ് കേസെടുത്ത ആളെ സംരക്ഷിക്കുന്നത്‌ ഇടതുപക്ഷ നിലപാട് അല്ലെന്നാണ് സിപിഐ യോഗത്തില്‍ ഉയര്‍ന്നത്. മുകേഷിന്റെ രാജി സംബന്ധിച്ച് സിപിഐ നിര്‍വാഹക സമിതിയില്‍ ഭിന്നത ഉണ്ടായിരുന്നെങ്കിലും എംഎല്‍എ സ്ഥാനമൊഴിയണമെന്ന നിലപാടാണ് പൊതുതീരുമാനമായി വന്നത്.

സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ നിലപാടാണ് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ അറിയിച്ചത്. മുകേഷിനെ മാറ്റണമെന്ന സിപിഐ ആവശ്യം സിപിഎം നാളെ ചര്‍ച്ച ചെയ്യും. നാളെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ചര്‍ച്ച നടക്കുക.

അതേസമയം, നടിയുടെ ലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എയുടെ അറസ്റ്റ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തടഞ്ഞു. സെപ്റ്റംബര്‍ മൂന്ന് വരെ ആറ് ദിവസത്തേക്കാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. കൊച്ചി സ്വദേശിയായ നടിയുടെ പരാതിയില്‍ മരട് പൊലീസ് തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തില്‍ മുന്‍കൂര്‍ ജാമ്യം തേടിയാണ് മുകേഷ് കോടതിയെ സമീപിച്ചത്.