
ബ്യൂണസ് ഐറിസ്: അന്റാര്‍ട്ടിക്കയിലെ പ്രധാന ഭൂപ്രദേശത്ത് ആദ്യമായി മാരകമായ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ശാസ്ത്രജ്ഞര്‍. ഇത് തെക്കന്‍ മേഖലയിലെ പെന്‍ഗ്വിന്‍ കൂട്ടങ്ങള്‍ക്ക് അപകടസാധ്യത ഇരിട്ടിയാക്കുന്നുണ്ട്.
അന്റാര്‍ട്ടിക്കയെ മറ്റ് ഭൂഖണ്ഡങ്ങളില്‍ നിന്നും വേര്‍തിരിക്കുന്ന പ്രകൃതിദത്ത തടസ്സങ്ങളും ദൂരവും ഉണ്ടായിട്ടും ഉയര്‍ന്ന രോഗകാരിയായ ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ വൈറസ് അന്റാര്‍ട്ടിക്കയില്‍ എത്തിയത് അതീവ ശ്രദ്ധയോടെയാണ് ശാസ്ത്രലോകം വീക്ഷിക്കുന്നത്.
അന്റാര്‍ട്ടിക് ബേസ് പ്രൈമവേരയ്ക്ക് സമീപം അര്‍ജന്റീനിയന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ ചത്ത സ്‌കുവ കടല്‍പ്പക്ഷികളുടെ സാമ്പിളുകളിലാണ് ശനിയാഴ്ച വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. സമീപ മാസങ്ങളില്‍ ലോകമെമ്പാടുമുള്ള പക്ഷികളുടെ എണ്ണം ഗണ്യമായി കുറച്ച എച്ച്5എന്‍1 ഏവിയന്‍ ഫ്‌ലൂ ഈ മേഖലയിലെ കൂട്ടമായി കഴിയുന്ന പെന്‍ഗ്വിനുകള്‍ക്കുള്ള അപകടസാധ്യത എടുത്തുകാണിക്കുന്നു.
പക്ഷികള്‍ക്ക് എച്ച് 5 ഉപവിഭാഗം ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ ബാധിച്ചിട്ടുണ്ടെന്നും ചത്ത പക്ഷികളില്‍ ഒന്നിലെങ്കിലും ഉയര്‍ന്ന രോഗകാരിയായ ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ വൈറസ് ഉണ്ടെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. പൊതുവേ കൂട്ടമായി ജീവിക്കുന്ന പെന്‍ഗ്വിനുകളിലേക്ക് വൈറസ് ബാധ ഉണ്ടായാല്‍ അത് സൃഷ്ടിക്കുന്ന വംശനാശം ചെറുതായിരിക്കില്ല. മാത്രമല്ല രോഗം അതിവേഗം വ്യാപിക്കാനും ഇത് ഇടയാക്കും.