
കൊളറാഡോയിൽ നാലു പേർക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. നാലു പേരും കോഴി ഫാമിലെ തൊഴിലാളികളായിരുന്നു.
ഈ വർഷം യുഎസിൽ 8 പേർക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ രോഗലക്ഷണങ്ങൾ താരതമ്യേന തീവ്രത കുറഞ്ഞതായിരുന്നു. പനി, വിറയൽ, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ് തുടങ്ങിയ സാധാരണ ശ്വാസകോശ അണുബാധയുടെ ലക്ഷണങ്ങളാണ് എല്ലാവർക്കും ഉണ്ടായിരുന്നത്. ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഒരാൾക്കുകൂടി രോഗ ലക്ഷണങ്ങളുണ്ട്. ശ്രവപരിശോധനാ റിപ്പോർട്ട് വന്നിട്ടില്ല. രോഗമുള്ള കോഴികളുമായി സമ്പർക്കമുള്ളവർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്.
പക്ഷിപ്പനി വൈറസ് 2020 മുതൽ നായ്ക്കൾ, പൂച്ചകൾ, കരടികൾ, സീലുകൾ, എന്നിവ ഉൾപ്പെടെ സസ്തനികൾക്കിടയിൽ പടരുന്നുണ്ട്. ഈ വർഷം ആദ്യം, H5N1 വൈറസ്, യുഎസിൽ കന്നുകാലികളിൽ കണ്ടെത്തിയിരുന്നു. ഇപ്പോഴും പല സംസ്ഥാനങ്ങളിലും കന്നുകാലികളിൽ പടരുന്നു.
മനുഷ്യർക്കിടയിൽ വൈറസ് ദ്രുതഗതിയിൽ പടരുന്ന സാഹചര്യം ഇപ്പോൾ ഇല്ല എന്ന് ആരോഗ്യ വകുപ്പ് കരുതുന്നു. എന്നാൽ ഇതേ വൈറസിൻ്റെ മുൻ പതിപ്പുകൾ മനുഷ്യരെ മാരകമായി ബാധിക്കുകയും നിരവധി മരണങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്
സംസ്ഥാനത്തിൻ്റെ അഭ്യർത്ഥന പ്രകാരം, അന്വേഷണത്തിൽ സഹായിക്കാൻ സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അവരുടെ സംഘത്തെ കൊളറാഡോയിലേക്ക് അയച്ചു.
Bird flue detected in Colorado