
ന്യൂഡൽഹി: ലോക്സഭയിൽ ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബിജെപിയും മോദിയും മാത്രമല്ല രാജ്യത്തെ ഹിന്ദുസമൂഹമെന്നും ഹിന്ദുവെന്ന് അവകാശപ്പെട്ടുകൊണ്ട് രാജ്യത്തെ ജനങ്ങൾക്കിടയിൽ വെറുപ്പ് പടർത്താനാണ് ബിജെപി ശ്രമിച്ചിട്ടുള്ളതെന്നും രാഹുൽ വിമർശിച്ചു. ഹിന്ദുക്കളെന്ന് സ്വയം വിശേഷിപ്പിക്കുന്നവർ അക്രമത്തെയും വിദ്വേഷത്തെയും നുണകളെ കുറിച്ചും മാത്രമാണ് സംസാരിക്കുന്നതെന്നും അവർ ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.
പരമശിവന്റെ ചിത്രം ലോക്‌സഭയില്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമർശനങ്ങൾ. പ്രതിപക്ഷം ആരേയും ഭയക്കുന്നില്ലെന്നും സത്യമാണ് തങ്ങളുടെ ആയുധമെന്നും പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം ചിത്രം ഉയർത്തിയത്. “ശിവന്റെ ചിത്രത്തിലേക്ക് നോക്കിയാൽ നിങ്ങൾക്കറിയാം, ഹിന്ദുക്കൾക്ക് ഭയമോ വിദ്വേഷമോ പ്രചരിപ്പിക്കാൻ ആവില്ലെന്നത്. എന്നാൽ ബിജെപി മുഴുവൻ സമയവും വിദ്വേഷം പ്രചരിപ്പിക്കുകയാണ്,” ചിത്രം ഉയർത്തി രാഹുൽ പറഞ്ഞു.
ഇന്ത്യയെന്ന ആശയത്തെ ബിജെപി ആക്രമിക്കുകയാണെന്ന് രാഹുൽ ലോക്സഭയിൽ പറഞ്ഞു. ബിജെപിയുടെ ആശയത്തെ എതിർക്കുന്നവരെ മുഴുവൻ ആക്രമിക്കുകയാണ്. കഴിഞ്ഞ 10 വർഷത്തിനിടെ ഭരണഘടനയ്ക്കെതിരെ തുടർച്ചയായ ആക്രമണമുണ്ടായി. ഭരണഘടനയ്ക്കെതിരായ ആക്രമണത്തെ ജനം എതിർത്തു. ദരിദ്രരും ദലിതരും ന്യൂനപക്ഷങ്ങളും രാജ്യത്ത് ആക്രമിക്കപ്പെടുകയാണെന്നും പ്രതിപക്ഷത്ത് ഇരിക്കുന്നതിൽ സന്തോഷവും അഭിമാനവുമുണ്ടെന്നും രാഹുൽ പറഞ്ഞു.
അതേസമയം, രാഹുലിന്റെ പരാമർശം ഹിന്ദു സമൂഹത്തെയാകെ അവഹേളിക്കുന്നതാണെന്ന് പ്രസംഗത്തിൽ ഇടപെട്ടുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. പരാമർശം പിൻവലിച്ച് രാഹുൽ മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഹിന്ദു സമൂഹമാകെ അക്രമാസക്തരെന്നാണ് രാഹുല്‍ പറഞ്ഞതെന്ന് മോദി ആരോപിച്ചു. ഇതോടെ രാഹുല്‍ മാപ്പു പറയണമെന്ന ആവശ്യവുമായി അമിത് ഷായും രംഗത്തെത്തി. ഇതിനിടെയായിരുന്നു പരമശിവന്റെ ചിത്രം രാഹുല്‍ ലോക്‌സഭയില്‍ ഉയര്‍ത്തിയത്.














