
കോട്ടയം: പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതിഷേധം കടുപ്പിക്കുന്ന പി സി ജോർജിനെ അനുനയിപ്പിക്കാൻ അനിൽ ആൻറണി നേരിട്ടെത്തും. പത്തനംതിട്ടയിലെ ബി ജെ പി പി സ്ഥാനാർഥിയായ അനിൽ ആന്റണി ഇന്ന് വൈകിട്ടാകും പൂഞ്ഞാറിലെ വീട്ടിലെത്തി പി സി യെ കാണുക. പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ പി സി ജോര്‍ജ്ജിന്റെ പരാതി പരിഹരിക്കുക.യാണ് അനിലിന്‍റെ സന്ദർശനത്തിലെ പ്രധാന ലക്ഷ്യം.
സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞിട്ടും അനിൽ ഇതുവരെയും മണ്ഡലത്തിലെത്തിയിട്ടില്ല. പി സി ജോര്‍ജിനെ നേരിൽ കണ്ട് അനുനയിപ്പിച്ച ശേഷം മണ്ഡലപര്യടനം തുടങ്ങാനാണ് അനിൽ ആന്റണി തീരുമാനിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ മത്സരിക്കാൻ ആഗ്രഹിച്ചിരുന്ന പി സി, അനിൽ ആന്റണിയുടെ സ്ഥാനാർഥിത്വത്തെ എതിർക്കുകയും ചെയ്തിരുന്നു. പി സിയുടെ എതിർപ്പ് തള്ളിയാണ് ബി ജെ പി നേതൃത്വം അനിലിനെ കളത്തിലിറക്കിയത്. ഇതോടെ പി സി എതിർപ്പ് കടുപ്പിക്കുകയായിരുന്നു.
ബി ജെ പി ജില്ലാ നേതാക്കൾക്കൊപ്പമാകും അനിൽ ആന്റണി ഇന്ന് വൈകിട്ട് പി സി ജോർജിന്‍റെ പൂഞ്ഞാറിലെ വീട്ടിലെത്തുക. പത്തനംതിട്ടയിലെ സാഹചര്യം ബി ജെ പി കേന്ദ്ര നേതൃത്വം സൂഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ബി ജെ പി കേന്ദ്ര നേതാക്കൾക്കും പി സിയുടെ നീക്കങ്ങളിൽ അതൃപ്തിയുണ്ടെന്നാണ് വിവരം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ശേഷം രാജ്യത്ത് മറ്റെവിടെയും ഉയരാത്ത പ്രതിഷേധവും പ്രസ്താവനകളുമാണ് പി സിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. അനിൽ ആന്‍റണിയെ ആർക്കാണ് അറിയുകയെന്നതടക്കമുള്ള വിമർശനങ്ങളാണ് പി സിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
bjp candidate anil antony meeting with pc george