
ന്യൂഡൽഹി: ബിജെപി നടത്തുന്നത് നികുതി ഭീകരതയാണെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള ശ്രമങ്ങളാണെന്നും കോൺഗ്രസ് നേതാക്കൾ. കോൺഗ്രസിനെ ആക്രമിക്കാനുള്ള ഈ നീക്കം അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
1700 കോടി രൂപയുടെ നികുതി കുടിശിക അടയ്ക്കാനാണ് ആദായ നികുതി വകുപ്പ് കോൺഗ്രസിന് പുതിയ നോട്ടീസ് നൽകിയിരിക്കുന്നത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു നേതാക്കൾ. കോൺഗ്രസിനെ സാമ്പത്തികമായി തകർത്ത് ഇല്ലായ്മ ചെയ്യാനാണ് ബിജെപി ശ്രമമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അജയ് മാക്കൻ പറഞ്ഞു. ഇതിനായി അന്വേഷണ ഏജൻസികളെ നിയോഗിക്കുന്നു. സീതാറാം കേസരിയുടെ കാലം മുതലുള്ള കണക്ക് നോക്കി നടപടി എടുക്കുന്നു. ആദായനികുതിവകുപ്പ് നിയമങ്ങളെയും ജനപ്രാതിനിത്യ നിയമങ്ങളെയും ബിജെപി നോക്കുകുത്തിയാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 7 വർഷത്തെ ബിജെപിയുടെ കണക്കുകളിൽ നിയമലംഘനം പകൽ പോലെ വ്യക്തമാണ്. കോൺഗ്രസിന് പിഴ ചുമത്തിയ മാനദണ്ഡം കണക്കാക്കിയാൽ ബിജെപി 4600 കോടി രൂപ പിഴ നൽകണം. ആദായ നികുതി വകുപ്പിന്റെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും തിരഞ്ഞെടുപ്പ് പ്രചാരണ പ്രതിസന്ധി മറികടക്കാൻ പ്ലാൻ ബിയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
2017- 18 സാമ്പത്തിക വര്‍ഷം മുതല്‍ 2020-21 സാമ്പത്തിക വര്‍ഷം വരെയുള്ള പിഴയും പലിശയുമടക്കമുള്ള തുക അടയ്ക്കാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. 2018-19 വര്‍ഷത്തെ നികുതി കുടിശികയായി കോണ്‍ഗ്രസിന്‍റെ അക്കൗണ്ടില്‍ നിന്ന് ആദായ നികുതി വകുപ്പ് 135 കോടി രൂപ പിടിച്ചെടുത്തിരുന്നു. കോൺഗ്രസിന്റെ 11 ബാങ്ക് അക്കൗണ്ടുകളിലെ പണം മരവിപ്പിക്കുകയും ചെയ്തിരുന്നു.