
വരാണസി: ഉത്തര്‍ പ്രദേശിലെ വരാണസി ഐ.ഐ.ടി കാമ്പസിനുള്ളില്‍ ബിഎച്ച്യു വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ വാരാണസി പോലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് മൂന്ന് ബിജെപി പ്രവര്‍ത്തകരെ പുറത്താക്കിയതായി പാര്‍ട്ടിയുടെ വാരണാസി ജില്ലാ മേധാവി ഞായറാഴ്ച പറഞ്ഞു. പ്രതികള്‍ക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് നടപടി.
ഇവര്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്യുകയും, വിവസ്ത്രയാക്കിയ ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തതായി കേസില്‍ പറയുന്നു.
ബി.ജെ.പി ഐ.ടി സെല്‍ പ്രവര്‍ത്തകരായ രണ്ടുപേര്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബി.ജെ.പി ഐ.ടി സെല്‍ വരാണസി മെട്രോപോളിറ്റന്‍ കോഓഡിനേറ്റര്‍ കുനാല്‍ പാണ്ഡെ, സഹകണ്‍വീനര്‍ സാക്ഷാം പട്ടേല്‍ എന്നിവരും ആനന്ദ് എന്ന അഭിഷേക് ചൗഹാനുമാണ് പിടിയിലായത്. ഇവര്‍ ഉപയോഗിച്ച ബൈക്കും കണ്ടെടുത്തു.
കഴിഞ്ഞ നവംബര്‍ രണ്ടിന് പുലര്‍ച്ചെയായിരുന്നു സംഭവം. രണ്ട് മാസത്തിന് ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. കാമ്പസിലെ ഗാന്ധി സ്മൃതി ഹോസ്റ്റലിന് സമീപം സുഹൃത്തുമായി സംസാരിക്കുകയായിരുന്നു വിദ്യാര്‍ഥിനി. ഇതിനിടെ ബൈക്കിലെത്തിയ സംഘം സുഹൃത്തിനെ ഭീഷണിപ്പെടുത്തി പറഞ്ഞയച്ച ശേഷം പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു. ശേഷം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വസ്ത്രം അഴിപ്പിക്കുകയും കൂട്ടബലാത്സംഗം ചെയ്ത് വിഡിയോ പകര്‍ത്തുകയുമായിരുന്നു. വിദ്യാര്‍ഥിനിയുടെ ഫോണും സംഘം പിടിച്ചുവാങ്ങി.