
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ബി ജെ പി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ സുരേന്ദ്രനാണ് മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. മുഖ്യമന്ത്രിയെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ നിന്ന് വിലക്കണമെന്നാണ് ബി ജെ പി നേതാവിന്‍റെ ആവശ്യം. ഇന്ന് മലപ്പുറത്ത് എൽ ഡി എഫ് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലിയിലെ പ്രസംഗത്തിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയെ വിലക്കണമെന്ന പരാതിയുമായി ബി ജെ പി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ സുരേന്ദ്രൻ രംഗത്തെത്തിയത്.
മലപ്പുറത്ത് എൽ ഡി എഫ് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലിയിലെ മുഖ്യമന്ത്രിയുടെ പ്രസംഗം മുസ്ലിം സമുദായത്തിനിടയിൽ ഭയവും വെറുപ്പും വളർത്തുക എന്ന ലക്ഷ്യത്തോടെയാണെന്നാണ് പരാതിയിൽ പറയുന്നത്. പൗരത്വ ഭേദഗതി നിയമം മുസ്ലിംങ്ങൾക്ക് വലിയ ദോഷം ചെയ്യുന്നതാണെന്നാണ് മുഖ്യമന്ത്രി ചൂണ്ടികാട്ടിയത്. ഈ നിയമത്തിന്‍റെ ബലത്തിൽ മുസ്ലിങ്ങൾക്ക് ഇന്ത്യയിൽ ജീവിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞെന്നും ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ബി ജെ പി നേതാവിന്‍റെ പരാതിയിൽ പറയുന്നു. പ്രസംഗത്തിലൂടെ ഹിന്ദു മുസ്ലിം വിഭജനം സൃഷ്ടിച്ച് വിദ്വേഷം വളർത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും പരാതിയിൽ കുറ്റപ്പെടുത്തലുണ്ട്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയെ വിലക്കണമെന്നാണ് പരാതിക്കാരന്‍റെ ആവശ്യം.
BJP Files complaint against CM Pinarayi Vijayan malappuram CAA Protest campaign