
ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്രയ്ക്കെതിരെ ബിജെപി വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി. അമിത് ഷായ്ക്കെതിരായ പരാമര്‍ശങ്ങളുടെ പേരിലാണ് ബിജെപിയുടെ നീക്കം. മാതൃകാ പെരുമാറ്റച്ചട്ടം (എംസിസി) ലംഘിച്ചുവെന്ന് കാട്ടിയാണ് യതീന്ദ്ര സിദ്ധരാമയ്യയ്ക്കെതിരെ ബിജെപി പരാതിയുമായി എത്തിയത്. യതീന്ദ്രയുടെ പരാമര്‍ശം അപലപനീയമാണെന്നും പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെയുള്ള വ്യക്തിപരമായ ആക്രമണമാണെന്നും ബിജെപി പ്രതിനിധി സംഘം പരാതിയില്‍ പറഞ്ഞു.
ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായെ കടന്നാക്രമിച്ച് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് യതീന്ദ്ര സിദ്ധരാമയ്യ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്നും പ്രധാനമന്ത്രി മോദിക്ക് തന്റെ കൂട്ടാളികളായി ഇത്തരം ആളുകളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച ചാമരാജ് നഗര്‍ ജില്ലയിലെ ഹനൂര്‍ നഗരത്തില്‍ നടന്ന കോണ്‍ഗ്രസ് യോഗത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. അമിത് ഷായ്ക്കെതിരേ ഗുജറാത്ത് കലാപക്കാലത്ത് കൊലപാതകക്കുറ്റമുണ്ടായിരുന്നു. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലമുണ്ട്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം രാജ്യത്തെ ഉന്നത സ്ഥാനത്താണെന്നും യതീന്ദ്ര സിദ്ധരാമയ്യ ആഞ്ഞടിച്ചിരുന്നു.
വിദ്വേഷ പ്രസംഗത്തിന് യതീന്ദ്രയ്ക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യണമെന്നും പാര്‍ട്ടി സംസ്ഥാന പോലീസിനോട് ആവശ്യപ്പെട്ടു. മുന്‍ നിയമസഭാംഗവും മുഖ്യമന്ത്രിയുടെ മകനുമായ യതീന്ദ്രയുടെ ഭാഗത്തുനിന്നും ഇത്തരം പ്രസ്താവനകള്‍ വരുന്നത് ശരിയല്ലെന്നും ബിജെപി അപലപിച്ചു.
BJP has filed a complaint against Siddaramaiah’s son












