ഇത് കാലഹരണപ്പെട്ട വിഷയം,സ്വന്തം നേട്ടങ്ങളെക്കുറിച്ച് പ്രചാരണം നടത്താന്‍ ബിജെപിക്ക് പേടി; കച്ചത്തീവ് ദ്വീപ് വിഷയത്തില്‍ മോദിക്ക് മറുപടിയുമായി ഡിഎംകെ

1974ല്‍ ഇന്ത്യയുടെ തന്ത്രപ്രധാനമായ കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തത് കോണ്‍ഗ്രസാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിന് മറുപടിയുമായി ഡിഎംകെ. ബിജെപി പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്ന തിരക്കിലാണെന്നും ബിജെപിക്ക് സ്വന്തം നേട്ടങ്ങളെക്കുറിച്ച് പ്രചാരണം നടത്താന്‍ ഭയം ആണെന്നും ഡിഎംകെ ആരോപിച്ചു.

ഡിഎംകെ വക്താവ് മനുരാജ് എസ്. എക്സില്‍ കുറിച്ച ഒരു പോസ്റ്റില്‍ മോദിയുടെ ആരോപണം കാലഹരണപ്പെട്ട രാഷ്ട്രീയ പ്രചാരണ’ വിഷയമാണെന്ന് പരിഹസിച്ചു. 50 വര്‍ഷത്തോളം പഴക്കമുള്ള ഒരു വിഷയത്തില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരന്‍ നല്‍കിയ വിവരാവകാശ ചോദ്യവും അദ്ദേഹത്തിന്റെ സര്‍ക്കാര്‍ നല്‍കിയ വിവരങ്ങളും അടിസ്ഥാനമാക്കിയാണ് മോദി സംസാരിച്ചതെന്നും ഇതാണ് മോദിയുടെ കണ്ണ് തുറപ്പിച്ചതെന്നും മനുരാജ് പറഞ്ഞു.

10 വര്‍ഷത്തെ ഭരണത്തിന് ശേഷവും, ബിജെപി നേട്ടങ്ങളെക്കുറിച്ച് പ്രചാരണം നടത്താന്‍ ഭയപ്പെടുന്നുവെന്നുവെന്നും അവര്‍ ഇപ്പോഴും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്ന തിരക്കിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

1974ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറിയെന്ന് വെളിപ്പെടുത്തുന്ന വിവരാവകാശ അപേക്ഷ (ആര്‍ടിഐ)പ്രകാരമുള്ള വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രി മോദിയുടെ പ്രതികരണം. ‘കണ്ണ് തുറപ്പിക്കുന്നതും അമ്പരപ്പിക്കുന്നതും എന്നാാണ് മോദി ഇതേപ്പറ്റി പറഞ്ഞത്.

More Stories from this section

family-dental
witywide