
ചെന്നൈ: വനിതാ കമ്മീഷൻ അംഗവും ബിജെപി നേതാവുമായ ഖുശ്ബു വിവാദത്തിൽ. തമിഴ്‌നാട് സർക്കാർ സ്ത്രീകൾക്ക് നൽകുന്ന സാമ്പത്തിക സഹായത്തെ ഭിക്ഷയെന്ന് വിശേഷിപ്പിച്ചതിനെ തുടർന്ന് ഖുശ്ബുവിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. തമിഴ്നാട്ടിലെ കുടുംബങ്ങളിലെ മുതിർന്ന സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന പദ്ധതിയെയാണ് ഖുശ്ബു ഭിക്ഷയെന്ന് വിളിച്ചത്.
തമിഴ്നാട്ടിൽ വർധിച്ച് വരുന്ന മയക്കുമരുന്ന് ഭീഷണിക്കെതിരെ സംസാരിക്കുമ്പോഴാണ് ഖുശ്ബു വിവാദ പരാമർശം നടത്തിയത്. ഡിഎംകെ സർക്കാർ മയക്കുമരുന്ന് വിപത്ത് ഇല്ലാതാക്കുകയും സർക്കാരിന്റെ നേതൃത്വത്തിലുള്ള മദ്യവിൽപ്പന ശാലകൾ അടച്ചുപൂട്ടുകയും ചെയ്താൽ ആളുകൾക്ക് 1000 രൂപ ഭിക്ഷ തേടേണ്ടി വരില്ലെന്ന് ഖുശ്ബു പറഞ്ഞു. ഖുശ്ബുവിന്റെ പരാമർശത്തിനിനെതിരെ ഡിഎംകെയുടെ വനിതാ വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി.
മയക്കുമരുന്ന് ഭീഷണി നിയന്ത്രിക്കാൻ മാത്രമാണ് താൻ പറഞ്ഞതെന്നും സാമൂഹ്യമാധ്യമമായ എക്സിൽ ഖുശ്ബു വിശദീകരിച്ചു. മദ്യപിച്ചവരുമായി ജീവിക്കുന്നവർ അനുഭവിക്കുന്ന വേദന നിങ്ങളുടെ പണത്തേക്കാൾ വളരെ കൂടുതലാണെന്നും ഖുശ്ബു പറഞ്ഞു. ഖുശ്ബുവിന്റെ വിമർശനത്തോട് പ്രതികരിച്ച് തമിഴ്‌നാട് സാമൂഹ്യക്ഷേമ മന്ത്രി ഗീതാ ജീവൻ രംഗത്തെത്തി. പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന 1.16 കോടി സ്ത്രീകളെയാണ് അവർ അപമാനിച്ചതെന്ന് ഗീത പറഞ്ഞു.
BJP Leader Khushbu defame TN government RS 1000 scheme for women