
ന്യൂഡല്‍ഹി: രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് ബിജെപിയുടെ ഉറപ്പ്. പുതിയ പ്രകടന പത്രികയിലാണ് ഈ ഉറപ്പ്.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക ഞായറാഴ്ച പുറത്തിറക്കി ബിജെപി. ‘മോദി കി ഗ്യാരണ്ടി’ എന്ന ടാഗ്ലൈനോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദയുടെയും മറ്റ് മുതിര്‍ന്ന നേതാക്കളുടെയും സാന്നിധ്യത്തില്‍ ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തുവെച്ചാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ‘സങ്കല്‍പ് പത്ര’ എന്നാണ് പത്രികയ്ക്ക് നല്‍കിയിരിക്കുന്ന പേര്.
ഇന്ത്യന്‍ ഭരണഘടനയുടെ ശില്പിയായ ബി.ആര്‍ അംബേദ്കറുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ബിജെപി പത്രിക പുറത്തിറക്കിയിരിക്കുന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള 27 അംഗ പ്രകടന പത്രിക സമിതിയെ ബിജെപി നിയോഗിച്ചിരുന്നു.
പ്രകടനപത്രിക ഊന്നല്‍ നല്‍കുന്നത് ‘ഗരീബ്’ (ദരിദ്രര്‍), ‘യുവ’ (യുവജനങ്ങള്‍), ‘അന്നദാത’ (കര്‍ഷകര്‍), ‘നാരി’ (സ്ത്രീകള്‍) എന്നിവര്‍ക്കുള്ള പദ്ധതികളാണ്. ഇന്ത്യയെ അഭിവൃദ്ധിപ്പെടുത്തുന്നതിലും അന്താരാഷ്ട്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും രാജ്യത്തിന്റെ പൈതൃക വികസനം വളര്‍ത്തുന്നതിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും ബിജെപി വ്യക്തമാക്കുന്നു.
അടുത്ത 5 വര്‍ഷത്തേക്ക് സൗജന്യ റേഷന്‍ പദ്ധതി തുടരുമെന്നത് മോദിയുടെ ഉറപ്പാണെന്ന് പത്രിക പുറത്തിറക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കോടിക്കണക്കിന് കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി ഉറപ്പാക്കുമെന്നും പത്രിക വ്യക്തമാക്കുന്നു. മാത്രമല്ല, മുദ്ര യോജന വായ്പ പരിധി 20 ലക്ഷം രൂപയായി ഉയര്‍ത്തുമെന്നും ബിജെപി ഉറപ്പുനല്‍കുന്നു. 75 വയസ്സിന് മുകളിലുള്ള എല്ലാ വ്യക്തികളെയും ആയുഷ്മാന്‍ ഭാരത് യോജനയുടെ പരിധിയില്‍ കൊണ്ടുവരുമെന്നും , ഭിന്നലിംഗക്കാരെ ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ ബിജെപി തീരുമാനിച്ചതായും മോദി പറഞ്ഞു.
പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കും, രാജ്യത്തുടനീളമുള്ള ഹൈവേകള്‍, റെയില്‍വേ, എയര്‍വേകള്‍, ജലപാതകള്‍ എന്നിവ നവീകരിക്കും, ഇന്ധനവില കുറയ്ക്കുമെന്നും മോദി ഉറപ്പുനല്‍കുന്നു. സ്ത്രീകളുടെയും യുവാക്കളുടെയും ദരിദ്രരുടെയും കര്‍ഷകരുടെയും ശാക്തീകരണത്തിലാണ് പത്രിക ഊന്നല്‍ നല്‍കുന്നത്. 3 കോടി വീടുകള്‍, കുറഞ്ഞ പൈപ്പ് ലൈന്‍ ഗ്യാസ് തുടങ്ങിയവയും ബിജെപി ഉറപ്പു നല്‍കുന്നു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പിലാക്കുമെന്നും പത്രിക ഉറപ്പു നല്‍കുന്നു.
മുതിര്‍ന്ന പൗരന്മാര്‍ക്ക് 5 ലക്ഷം രൂപ സൗജന്യ ചികിത്സ നല്‍കും, ആയുഷ്മാന്‍ ഭാരത് സ്‌കീമിന് കീഴില്‍ വിലകുറഞ്ഞ മരുന്നുകള്‍ ലഭ്യമാക്കും എന്നും വാഗ്ദാനമുണ്ട്.
സങ്കല്‍പ് പത്രയില്‍ നിന്നുള്ള ഓരോ വാഗ്ദാനങ്ങളും ബിജെപി നിറവേറ്റുന്നതില്‍ പാര്‍ട്ടി അഭിമാനിക്കുന്നുവെന്നും ഞങ്ങളുടെ വാക്കും പ്രവൃത്തിയും തമ്മില്‍ ഒരു വ്യത്യാസവും ഉണ്ടായിട്ടില്ലെന്നും പത്രിക പുറത്തിറക്കുന്ന വേളയില്‍ രാജ്നാഥ് സിംഗ് പറഞ്ഞു. ബി.ജെ.പിയിലെ ജനങ്ങള്‍ മാത്രമല്ല, രാജ്യത്തെ പൗരന്മാര്‍ പോലും അത് വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു. ഈ വിശ്വാസ്യതയാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കിയ വേളയില്‍, കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളായ ഏതാനും പേരെ മോദി കാണുകയും പ്രകടന പത്രികയുടെ പകര്‍പ്പ് നല്‍കുകയും ചെയ്തു.