
ഡൽഹി: പാർലമെന്‍റിൽ ഇന്ന് നടന്ന കലുഷിത സാഹചര്യത്തെക്കുറിച്ച് വിശദീകരിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അദാനിയുമായി ബന്ധപ്പെട്ട ചർച്ച തടയുകയാണ് ബി ജെ പി ചെയ്തതെന്നാണ് രാഹുൽ അഭിപ്രായപ്പെട്ടു. അംബേദ്കർ വിരുദ്ധ പ്രസ്താവനയിലൂടെ വെളിവായത് അമിത് ഷായുടയേും ബിജെപിയുടെയും ഭരണഘടന വിരുദ്ധ, അംബേദ്കർ വിരുദ്ധ മനോഭാവമാണെന്നും രാഹുൽ കൂട്ടിച്ചേർത്തു. അമിത് ഷായുടെ പ്രസംഗത്തിൻ്റെ തെളിവുകൾ രാജ്യസഭ ടിവിയിലുണ്ട്. ബി ജെ പിയുടെയും ആർഎസ്എസിൻ്റെയും നിലപാട് അംബേദ്കർ വിരുദ്ധമാണ്. അംബേദ്കർ വിരുദ്ധ നിലപാടിൽ ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നും മാപ്പ് പറയും വരെ പ്രക്ഷോഭം നടത്തുമെന്നും രാഹുൽഗാന്ധി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കൊപ്പമാണ് രാഹുൽ വാർത്താസമ്മേളനത്തിനെത്തിയത്.
ബിജെപി അംബേദ്കറെ അപമാനിച്ചുവെന്ന് ഖർഗെ പറഞ്ഞു. സഭ നടത്താൻ പരമാവധി സഹകരിച്ചു. അമിത് ഷായുടെ പ്രസംഗം ഒരിക്കലും അംഗീകരിക്കാനാവില്ല. വാക്കുകൾ നിന്ദ്യമാണ്. തെറ്റ് പറ്റിയെന്ന് സമ്മതിക്കാൻ അമിത് ഷാ തയ്യാറല്ല. പ്രധാനമന്ത്രിയും അമിത് ഷാക്കൊപ്പമാണ്. അമിത് ഷാ രാജിവയ്ക്കണമെന്ന നിലപാടിൽ മാറ്റമില്ല. അമിത് ഷാ മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം. ശ്രദ്ധ തിരിക്കാൻ പല കാര്യങ്ങളും ബിജെപി ചെയ്യുകയാണ്. ഇന്ന് സമാധാനപരമായാണ് മാർച്ച് നടത്തിയത്. പുരുഷ എംപിമാർ അവരുടെ മസിൽ പവർ കാട്ടുകയായിരുന്നു. വനിത എംപിമാരോടും ബലപ്രയോഗം നടത്തി. തന്നെയും പിടിച്ചു തള്ളി. കോൺഗ്രസ് എംപിമാർ ആരെയും കൈയേറ്റം ചെയ്തിട്ടില്ല. ബിജെപി വ്യാജ പ്രചാരണം നടത്തുകയാണ്. ബിജെപി എംപിമാരുടെ കൈയേറ്റത്തിൽ വീണു. തൻ്റെ മുട്ടിന് പരിക്കേറ്റുവെന്നും സഭക്കുള്ളിലും തെറ്റായ കാര്യങ്ങൾ പറഞ്ഞുവെന്നും ഖാർഗെ പറഞ്ഞു.












