ലോക്സഭ തിരഞ്ഞെടുപ്പ്: മോദിയും ഷായും ഉൾപ്പെടെ 100 പേർ; ആദ്യഘട്ട ബിജെപി സ്ഥാനാര്‍ഥിപ്പട്ടിക വ്യാഴാഴ്ച

ന്യൂഡൽഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള 100 സ്ഥാനാർഥികളുടെ പേരുകൾ ബിജെപി അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെ മുതിർന്ന നേതാക്കളുടെ പേരുകൾ വ്യാഴാഴ്ച പുറത്തുവിടുന്ന പട്ടികയിലുണ്ടാകും.

ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി വ്യാഴാഴ്ച യോഗം ചേരുമെന്നാണ് സൂചന. യോഗത്തിന് ശേഷം 100 പേരുടെ പട്ടിക പുറത്തിറക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലോക്‌സഭയിലെ 543 സീറ്റുകളില്‍ 370 എണ്ണം നേടണം എന്നതാണ് ബിജെപിയുടെ ലക്ഷ്യം. എൻഡിഎ മുന്നണി 400 സീറ്റാണ് ലക്ഷ്യമിടുന്നത്.

മാർച്ച് 13ന് ശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ രണ്ടു തവണയും വാരാണസിയിൽനിന്നാണ് നരേന്ദ്ര മോദി ജയിച്ചുകയറിയത്. 2014ൽ ഭൂരിപക്ഷം 3.37 ലക്ഷമായിരുന്നെങ്കിൽ, 2019ൽ 4.8 ലക്ഷത്തിലേക്ക് വർധിച്ചു. ഗുജറാത്തിലെ ഗാന്ധിനഗർ മണ്ഡലത്തിൽനിന്നാണ് അമിത് ഷാ ലോക്സഭയിലെത്തിയത്.