
ദില്ലി: 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് 370 സീറ്റ് നേടാനാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭയിലേക്ക് 370 സീറ്റ് ബി ജെ പി നേടുന്നത് അനുച്ഛേദം 370 റദ്ദാക്കാൻ പോരാടിയ ശ്യാമപ്രസാദ് മുഖർജിക്ക് ആദരമാകുമെന്നും മോദി പറഞ്ഞു. ബി ജെ പി ദേശീയ കൺവെൻഷൻ യോഗത്തിൽ നേതാക്കളെ അഭിസംബോധന ചെയ്താണ് മോദി ഇക്കാര്യം പറഞ്ഞത്. അടുത്ത 100 ദിവസം സർക്കാരിന്‍റെ വികസന നേട്ടങ്ങൾ രാജ്യമാകെ പ്രചരിപ്പിക്കാൻ ബി ജെ പി പ്രവർത്തകർ രംഗത്തിറങ്ങണം. വികസന നേട്ടങ്ങൾ ബൂത്ത് തലങ്ങളിലേക്ക് എത്തിക്കാൻ സാധിക്കണം. അങ്ങനെയെങ്കിൽ മാത്രമേ ബി ജെ പിക്ക് വലിയ വിജയം സ്വന്തമാക്കാനാകു എന്നും ദേശീയ കൺവെൻഷൻ യോഗത്തിൽ മോദി ഓർമ്മിപ്പിച്ചു. പ്രതിപക്ഷം തെരഞ്ഞെടുപ്പ് സമയത്ത് അനാവശ്യ വൈകാരിക പ്രശ്നങ്ങൾ ഉയർത്തിയേക്കാം. എന്നാൽ ബി ജെ പി പ്രവർത്തകർ വികസന വിഷയങ്ങളിലും പാവപ്പെട്ടവരുടെ പ്രശ്നങ്ങളിലും ഉറച്ച് നിൽക്കണം. അങ്ങനെയെങ്കിൽ മാത്രമേ ബി ജെ പിക്ക് വലിയ വിജയം സാധ്യമാകു എന്നും പ്രധാനമന്ത്രി ബി ജെ പി ദേശീയ കൺവെൻഷൻ യോഗത്തിൽ നേതാക്കളോട് പറഞ്ഞു. യോഗത്തിൽ സംസാരിച്ച ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, മോദിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചു. രാമക്ഷേത്രം സാധ്യമാക്കിയതിനും വനിത ബിൽ , 370 റദ്ദാക്കിയതിനും ദേശീയ കൺവെൻഷനിൽ മോദിയെ അഭിനന്ദിച്ചു. അടുത്ത തെരഞ്ഞെടുപ്പിൽ ബി ജെ പി അധികാരത്തിൽ വരുമെന്ന പ്രതീക്ഷയും നദ്ദ പങ്കുവച്ചു. 014 ൽ 5 സംസ്ഥാനങ്ങൾ ഭരിച്ചിരുന്നിടത്ത് നിന്ന് ഇന്ന് ബി ജെ പി 12 ഇടത്തും എൻ ഡി എ 17 ഇടത്തും ഭരിക്കുന്നു. ഇത് മോദി സർക്കാരിന്‍റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണെന്നും ബി ജെ പി ദേശീയ അധ്യക്ഷൻ അഭിപ്രായപ്പെട്ടു.
BJP winning 370 seats will be tribute to Syama Prasad Mukherjee, says PM Modi