
പശ്ചിമ ബംഗാളിലെ ബരസാത്ത് ലോക്സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായ സ്വപൻ മജുംദാറിനെതിരെ ലഹരിക്കടത്ത് ആരോപണവുമായി എതിരാളികൾ രംഗത്ത്. രാജ്യാന്തര ലഹരിമരുന്ന് കള്ളക്കടത്ത് സംഘത്തിൽ മജൂംദാറിന് പങ്കാളിത്തമുണ്ടെന്ന ആരോപണത്തെ തുടർന്ന് അറസ്റ്റ് ചെയ്തിരുന്നു. 9 മാസം ജയിലിൽ കിടന്നു. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. ഇത്തരത്തിൽ ആരോപണവിധേയനായ ഒരാളെ ബിജെപിയെ പോലെ ‘സംശുദ്ധ’ രാഷ്ട്രീയത്തിന്റെ ആളുകൾ എങ്ങനെ സ്ഥാനാർഥിയാക്കുന്നു എന്നാണ് മറ്റ് രാഷ്ട്രീയ പാർട്ടികളുടെ ചോദ്യം.
നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബിജെപി നേതാവാണ് മജുംദാർ. നിലവിൽ എംഎൽഎയാണ്. 2017ൽ ലഹരി കടത്ത് കേസിൽ ഉൾപ്പെട്ടുവെന്നാരോപിച്ച് ബംഗാളിലെ ഹൗറയിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ ഗുവാഹത്തിയിൽ വെച്ച് അറസ്റ്റിലായിരുന്നു.പിടിയിലാകുമ്പോൾ ഇയാളുടെ പക്കൽ വൻതോതിൽ ഹെറോയിൻ ഉണ്ടായിരുന്നതായി പോലീസ് അന്ന് പറഞ്ഞിരുന്നു..
എന്നാൽ ഇതു മുഴുവനും തൃണമൂൽ കോൺഗ്രസ് നടത്തിയ ഗൂഢാലോചനയാണെന്ന് മജുംദാർ ആരോപിക്കുന്നു.
“ഞാൻ ട്രെയിനിൽ കയറുന്നതിന് മുമ്പ് പോലീസ് ഒരു ബാഗ് കോച്ചിൽ വച്ച് എന്നെ കുടുക്കി. ഒമ്പത് മാസത്തോളം ഞാൻ ജയിലിലായിരുന്നു. പിന്നീട് എന്നെ ജാമ്യത്തിൽ വിട്ടു. ഞാൻ ഒരു കോൺട്രാക്ടറാണ്. 2014 മുതൽ മുഴുവൻ സമയ ബി.ജെ.പി പ്രവർത്തകനാണ്. തൃണമൂലുകാർ അതിനാലാണ് പഴയ കേസുകളൊക്കെ പൊക്കിക്കൊണ്ടു വരുന്നത്,” മജുംദർ അവകാശപ്പെട്ടു.
2016 മുതൽ ബിജെപി ഭരിക്കുന്ന അസമിൽ നിന്നാണ് 2017ൽ മജൂംദറിനെ അറസ്റ്റ് ചെയ്തത്. മണിപ്പൂരിലെയും നാഗാലാൻഡിലെയും അതിർത്തി പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര ക്രിമിനൽ സംഘത്തിൻ്റെ ഭാഗമാണ് എന്ന് ആരോപിച്ചാണ് റയിൽവേ പൊലീസ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. ചില മരുന്നുകൾ, ഗുളികകൾ, നിരോധിത മരുന്നുകൾ, സ്വർണം എന്നിവയുൾപ്പെടെ വിവിധ നിയമവിരുദ്ധ വസ്തുക്കൾ കടത്തുന്നതിൽ ഈ സംഘത്തിന് പങ്കുണ്ടെന്നും മണിപ്പൂരിൽ നിന്ന് മജുംദർ ഹെറോയിൻ വാങ്ങിയിരുന്നതായും റെയിൽവേ പൊലീസ് പറഞ്ഞു.
ബിജെപിയുമായുള്ള രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ മജുംദർ ശ്രമിച്ചുവെന്ന് ഓപ്പറേഷന് നേതൃത്വം നൽകിയ അന്നത്തെ ഗുവാഹത്തി ജിആർപിയുടെ ചുമതലയുള്ള ബിനു ഹസാരിക അവകാശപ്പെട്ടിരുന്നു. തുടർന്ന് സെഷൻസ് കോടതി 10 വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. ഒമ്പത് മാസത്തെ ജയിൽ വാസത്തിന് ശേഷമാണ് മജൂംദറിന് ജാമ്യം ലഭിച്ചത്.
BJP’s Swapan Majumder Sparks Debate Over Past Drug Smuggling case














