
ന്യൂഡല്‍ഹി: ഇസ്രയേല്‍ – ഹമാസ് യുദ്ധത്തില്‍ തകര്‍ന്ന ഗാസയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ നടപ്പിലാക്കുന്നതിനെക്കുറിച്ച് സൗദി വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. യുദ്ധത്തില്‍ തകര്‍ന്ന ഗാസയിലെ ജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ അടിയന്തര ആവശ്യവും വെടിനിര്‍ത്തലിനുള്ള ശ്രമങ്ങളും ഉള്‍പ്പെടെ മിഡ് ഈസ്റ്റ് പര്യടനത്തിനിടെ സൗദിയിലെത്തിയ ബ്ലിങ്കന്‍ ചര്‍ച്ചചെയ്തു. ഒക്ടോബര്‍ 7-ന് ഇസ്രായേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ബ്ലിങ്കന്റെ ആറാമത്തെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനമാണിത്.
ഇസ്രായേല്‍ ഉള്‍പ്പടെയുള്ള പര്യടനത്തിന്റെ ഭാഗമായി ബുധനാഴ്ച ജിദ്ദയിലെത്തിയ ബ്ലിങ്കന്‍, സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി.
ഗാസയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഈജിപ്തിലേക്കാണ് ബ്ലിങ്കന്‍ വ്യാഴാഴ്ച എത്തുക. ഈജിപ്തിലും വെടിനിര്‍ത്തല്‍ സന്ധിയിലേക്കുള്ള മധ്യസ്ഥ ശ്രമങ്ങളായിരിക്കും ഇദ്ദേഹം നടത്തുക.
മാത്രമല്ല, യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ അടുത്ത ദിവസം തന്നെ ബ്ലിങ്കന്‍ ഇസ്രായേല്‍ സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഗാസയില്‍ തടവിലാക്കപ്പെട്ട എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളും ഉപരോധിച്ച പ്രദേശത്തേക്കുള്ള സഹായ വിതരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ഇസ്രായേല്‍ ഉദ്യോഗസ്ഥരുമായി ബ്ലിങ്കന്‍ ചര്‍ച്ച ചെയ്യും.
ഈ ആഴ്ചയില്‍, ഗാസയിലെ ജനങ്ങളില്‍ നൂറുശതമാനവും പട്ടിണിയിലാണെന്ന ആശങ്കയും ബ്ലിങ്കെന്‍ പങ്കുവെച്ചിരുന്നു. മാത്രമല്ല, ഗാസ മുനമ്പിന്റെ തെക്ക് ഭാഗത്തുള്ള റഫയുടെ ഗതിയും യുഎസിനെ ആശങ്കപ്പെടുത്തുന്ന മറ്റൊരു പ്രധാന ഘടകമാണ്. റഫ ആക്രമിക്കുമെന്ന നെതന്യാഹുവിന്റെ പ്രഖ്യാപനം വന്നതോടെ അഭയാര്‍ത്ഥികളടക്കം ഏകദേശം 1.5 ദശലക്ഷം വരുന്ന ഇവിടുത്തെ ജനങ്ങള്‍ എങ്ങോട്ടുപോകുമെന്ന ആശങ്കയാണ് അമേരിക്കയും യു.എന്നും അടക്കം മുന്നോട്ടുവെച്ചത്. ഒക്ടോബര്‍ 7-ലെ ഹമാസ് ആക്രമണത്തിന് ശേഷം ശതകോടിക്കണക്കിന് ഡോളര്‍ സൈനിക സഹായം നല്കി ഇസ്രയേലിനെ അമേരിക്ക പിന്തുണച്ചിരുന്നു.
Blinken Talks Gaza Ceasefire With Saudi Foreign Minister