
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ശനിയാഴ്ച കാണാതായ ശുചീകരണ തൊഴിലാളി എൻ ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപ്പറമ്പിലെ കനാലിലാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. 48 മണിക്കൂർ നീണ്ട തെരച്ചിലിനിടെയാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി ആംബുലൻസിലേക്ക് മാറ്റി.
കനാലിൽ ശുചീകരണത്തിനെത്തിയ തൊഴിലാളികളാണ് ഇന്ന് മൃതദേഹം കണ്ടത്. ആമയിഴഞ്ചാൻ തോട്ടിൽ നാവികസേനയുടെ തെരച്ചിൽ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷനിൽ രണ്ട് കിലോമീറ്റർ അകലെയായി ശ്രീചിത്രാ ഹോമിന് പുറകിലാണ് മൃതദേഹം കണ്ടെത്തിയത്. ജോയിയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റും. തിരുവനന്തപുരം മാരായമുട്ടം സ്വദേശിയാണ് കാണാതായ ജോയ്. ശനിയാഴ്ച രാവിലെ കനത്ത മഴയിൽ ആമയിഴഞ്ചാൻ തോട്ടിലെ ശക്തമായ അടിയൊഴുക്കിൽപ്പെട്ടു പോവുകയായിരുന്നു ജോയി. പിന്നീടുള്ള രണ്ട് ദിവസവും വലിയ തിരച്ചിലാണ് ഇവിടെ നടത്തിയത്.















