
ഡാളസ്: യു എസിൽ വാഹനാപകടത്തിൽ അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്‍റെ ഭൗതിക ശരീരം 19 -ാം തിയതി കേരളത്തിലെത്തിക്കും. നേരത്തെ 20 -ാം തിയതിയാകും എന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും നടപടിക്രമങ്ങൾ വേഗത്തിലായതാണ് തിയതിയിൽ മാറ്റം വരാൻ കാരണം. നിലവിലെ അറിയിപ്പ് പ്രകാരം 19 ന് ഉച്ചയ്ക്ക് 12 മണിക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യോഹാന്‍റെ ഭൗതിക ശരീരം എത്തിക്കും.
കൊച്ചിയിൽ നിന്ന് വിലാപയാത്രയായി തിരുവല്ലയിലേക്ക് പുറപ്പെടും. ആലപ്പുഴ വഴിയാകും യോഹാന്‍റെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപയാത്ര കടന്നുപോകുക. ഇതിന് ശേഷം വൈകിട്ട് 5.45 ന് തിരുവല്ലയിൽ പൗരാവലി യോഹാന് അന്ത്യാഞ്ജലി അർപ്പിക്കും. വൈകുന്നേരം 7.30 ന് യോഹാന്‍റെ ഭൗതിക ശരീരം സഭാ ആസ്ഥാനത്ത് എത്തിക്കാനാണ് നീക്കം. എട്ടുമണി മുതൽ വിവിധ ഘട്ടങ്ങളായി ശുശ്രൂഷകൾ നടത്തും. പൊതുദർശനം അന്നേദിവസം ഉണ്ടായിരിക്കില്ല.
20 -ാം തിയതി രാവിലെ 9 മണി മുതൽ 21 രാവിലെ 9 മണി വരെ ബിലീവേഴ്സ് കൺവെൻഷൻ സെന്‍ററിലായിരിക്കും പൊതുദർശനം നടത്തുക. 11 മണിയോടെ സംസ്കാര ചടങ്ങുകൾ ആരംഭിക്കും. ഒരു മണിയോടെ മൃതദേഹം ഖബറടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.















