
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ ബാക്കിനില്‍ക്കെ കോണ്‍ഗ്രസിന് തിരിച്ചടിയായി ബോക്സിങ് താരം വിജേന്ദര്‍ സിങ് ഭാരതീയ ജനതാ പാര്‍ട്ടിയില്‍ (ബിജെപി) ചേര്‍ന്നു.
2019-ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന വിജേന്ദര്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സൗത്ത് ഡല്‍ഹിയില്‍ നിന്നും ബിജെപിയുടെ രമേഷ് ബിധുരിയോട് പരാജയപ്പെട്ടിരുന്നു. ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെ ബിജെപി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം അം?ഗത്വം സ്വീകരിച്ചത്. രാജ്യത്തിന്റെ വികസനത്തിനൊപ്പം നില്‍ക്കുന്നതിനായും ജനങ്ങളെ സേവിക്കുന്നതിനുമാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും അംഗത്വം സ്വീകരിച്ചതിന് പിന്നാലെ വിജേന്ദര്‍ സിങ് പറഞ്ഞു.
മഥുര മണ്ഡലത്തില്‍ നിന്ന് വീണ്ടും സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ബിജെപി എംപി ഹേമമാലിനിക്കെതിരെ വിജേന്ദറിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് പദ്ധതിയിട്ടിരുന്നതായി വൃത്തങ്ങള്‍ അറിയിച്ചു. നിലവിലെ നീക്കം ഹരിയാനയിലും പശ്ചിമ യുപിയിലും പ്രാധാന്യമുള്ള ജാട്ട് സമുദായത്തില്‍ നിന്നുള്ള വോട്ടുകള്‍ ഏകീകരിക്കാന്‍ ബിജെപിയെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ രണ്ട് മേഖലകളിലും ബിജെപിക്ക് വേണ്ടി വിജേന്ദര്‍ സിങ് വ്യാപക പ്രചാരണം നടത്തുമെന്നാണ് കരുതുന്നത്.