
കോട്ടയം: തീർഥയാത്രപോയ കുടുംബത്തിന്റെ കാറുമായി, പ്ലസ്ടു വിദ്യാർഥിനിയുടെ ആൺസുഹൃത്ത് മുങ്ങി. കുടുംബം തീർഥയാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും കാർ തിരിച്ചെത്തിച്ചെങ്കിലും സംഭവം പൊലീസിനെയും സെക്യൂരിറ്റി ജീവനക്കാരെയും വട്ടംചുറ്റിച്ചു. കോട്ടയം റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. അച്ഛനും അമ്മയും മകനും മകളുമടങ്ങിയ കുടുംബവും ഇവരുടെ അടുത്ത ബന്ധുവിന്റെ കുടുംബവുമാണ് വേളാങ്കണ്ണിക്ക് തീർഥയാത്രപോയത്.
ഇവരുടെ കാർ, റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് സ്ഥലത്തിട്ടശേഷം പണമടച്ച് രസീത് വാങ്ങി താക്കോൽ സെക്യൂരിറ്റി ജീവനക്കാരനെ ഏൽപ്പിച്ചു. എന്നാൽ, രണ്ട് മണിക്കൂറിനുശേഷം ഒരു യുവാവെത്തി തന്റെ അപ്പയാണ് കാർ പാർക്കുചെയ്ത് വേളാങ്കണ്ണിക്ക് പോയതെന്ന് അറിയിച്ചു. വാഹനം അവർ വരുമ്പോഴേക്ക് എത്തിച്ചാൽ മതിയെന്ന് പറഞ്ഞിട്ടുണ്ടെന്നും കാറെടുക്കാനെത്തിയതാണെന്നും സെക്യൂരിറ്റിയോട് പറഞ്ഞു.
പാർക്കിങ്ങിന് പണമടച്ച രസീതിന്റെ ഫോട്ടോ മൊബൈൽ ഫോണിൽ കാണിച്ച് വിശ്വാസ്യത വരുത്തി. തുടർന്ന് യുവാവ് കാറുമെടുത്ത് പോയി. രണ്ട് ദിവസത്തിനുശേഷം കുടുംബം തിരിച്ചെത്തുന്നതിനുമുമ്പ് യുവാവ് വാഹനം പാർക്കിങ് സ്ഥലത്ത് എത്തിച്ചു. ഗൃഹനാഥനെത്തിയപ്പോൾ, കാർ ‘മകൻ’ കൊണ്ടുപോയ കാര്യം സെക്യൂരിറ്റി ജീവനക്കാരൻ അറിയിച്ചു. ഇതോടെ ഗൃഹനാഥൻ പൊട്ടിത്തെറിച്ചു. മകൻ തന്റെ കൂടെ ഉണ്ടായിരുന്നെന്നും വേളാങ്കണ്ണിക്ക് പോയ മകനെങ്ങനെ കാറുമായിപോയിട്ട് തിരിച്ചെത്തിയെന്നുമുള്ള ചോദ്യത്തിൽ സെക്യൂരിറ്റി ജീവനക്കാരൻ കുഴങ്ങി. കൂടുതൽ അന്വേഷണത്തിൽ മകൾ കുടുങ്ങി.
ആളെ തിരിച്ചറിഞ്ഞപ്പോൾ പ്ലസ്ടു വിദ്യാർഥിനിയായ മകളുടെ കാമുകനാണെന്ന് വ്യക്തമായി. പ്ലസ്ടു വിദ്യാർഥിയായ ആൺസുഹൃത്തിന് ‘കറങ്ങിനടക്കാൻ’, യാത്രപോകുന്നതിന് തലേദിവസം കാറിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ താനാണ് കൈമാറിയതെന്ന് മകൾ സമ്മതിച്ചു. രസീതിന്റെ ഫോട്ടോയെടുത്ത് ആൺസുഹൃത്തിന് വാട്ട്സ് ആപ്പിൽ അയച്ചും കൊടുത്തതും താനാണെന്ന് മകൾ സമ്മതിച്ചു.
boy friend of plus student pick family car from parking area