
കോട്ടയം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കേണ്ടത് ഈശ്വരവിശ്വാസിയുടെ കടമയാണെന്ന് എന്‍എസ്എസ്. ഇക്കാര്യത്തില്‍ ജാതിയോ മതമോ നോക്കേണ്ടതില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു. പ്രതിഷ്ഠാചടങ്ങ് ബഹിഷ്‌ക്കരിക്കുന്നത് ഈശ്വരനിന്ദയാണെന്നും പ്രസ്താവനയില്‍ പറയുന്നു.
ചടങ്ങിനെ എതിര്‍ക്കുന്നുണ്ടെങ്കില്‍ അത് അവരുടെ സ്വാര്‍ത്ഥതയ്ക്കും രാഷ്ട്രീയനേട്ടങ്ങള്‍ക്കും വേണ്ടി മാത്രമാണ്. എന്‍എസ്എസിന്റെ നിലപാട് രാഷ്ട്രീയലക്ഷ്യം വച്ചുകൊണ്ടോ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്കുവേണ്ടിയോ അല്ല. രാമക്ഷേത്രത്തിന്റെ നിര്‍മ്മാണഘട്ടം മുതല്‍ എന്‍എസ്എസ് സഹകരിച്ചിരുന്നു എന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ സോണിയാ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് ഇന്ന് അറിയിച്ചിരുന്നു. മതം എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്നും ബിജെപിയും ആര്‍എസ്എസും ചടങ്ങിനെ രാഷ്ട്രീയവത്കരിക്കുകയാണെന്നും നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത ക്ഷേത്രത്തിലെ ചടങ്ങ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നും എഐസിസി പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.