
ഒരു വൃക്കയുമായി ജനിച്ച ബ്രസീലിയന്‍ ബോഡി ബില്‍ഡറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സറുമായ യുവാവ് വൃക്ക ട്രാന്‍സ്പ്ലാന്റിനായി കാത്തിരിക്കവെ മരണത്തിന് കീഴടങ്ങി.
34 കാരനായ ബോഡി ബില്‍ഡര്‍ ക്രിസ്ത്യന്‍ അന്നസ് എന്ന യുവാവ് ജനിച്ചപ്പോള്‍ ഒരു വൃക്കമാത്രമായിരുന്നു ഉണ്ടായിരുന്നത്. അതും തകരാറിലാണെന്ന് 2022 ലാണ് ക്രിസ്ത്യന് മനസ്സിലായത്. തുടര്‍ന്ന് ആരോഗ്യനില ഗുരുതരമായി വഷളായതിനെത്തുടര്‍ന്ന് ഒരു വര്‍ഷത്തോളം ചികിത്സയിലായിരുന്നു. ഒടുവില്‍ രണ്ട് മാസം മുമ്പ് അദ്ദേഹത്തെ ട്രാന്‍സ്പ്ലാന്റ് വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി.
പക്ഷേ ലിസ്റ്റില്‍ എഴുപതാം സ്ഥാനത്തായിരുന്നു ക്രിസ്ത്യന്റെ സ്ഥാനം. തനിക്കു മുന്നില്‍ 60 പേര്‍ ഉണ്ടെന്ന് അറിഞ്ഞിട്ടും പ്രതീക്ഷ കൈവിടാതെ ക്രിസ്ത്യന്‍ കാത്തിരുന്നു. ഒടുവില്‍ കഴിഞ്ഞ ജനുവരി 20-ന് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പക്ഷേ തന്റെ ഊഴത്തിന് കാത്തു നില്‍ക്കാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ക്രിസ്ത്യന്‍ താമസിച്ചിരുന്ന ബ്രസീലിലെ പരാന സംസ്ഥാന അധികാരികളുടെ കണക്കനുസരിച്ച്, ഡിസംബറില്‍ 2,011 പേര്‍ വൃക്ക മാറ്റിവയ്ക്കല്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ ഉണ്ടായിരുന്നു. ജനുവരിയിലാണ് ഈ ലിസ്റ്റിലേക്ക് ക്രിസ്ത്യനും എത്തുന്നത്. ശസ്ത്രക്രിയയ്ക്കായി ഏതാനും ആഴ്ചകള്‍ മാത്രം കാത്തിരുന്നാല്‍ മതിയായിരുന്നു.
ഇന്‍സ്റ്റാഗ്രാമില്‍ ക്രിസ്ത്യന് 42,000-ലധികം ഫോളോവേഴ്സ് ഉണ്ടായിരുന്നു. വര്‍ക്ക് ഔട്ട് വീഡിയോകളും മറ്റും പോസ്റ്റ് ചെയ്യുകയും സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു ഇന്‍ഫ്‌ളുവന്‍സര്‍ ആയി മാറുകയും ചെയ്ത ക്രിസ്ത്യന്‍ മോഡലിങ്ങിലും ശ്രദ്ധിച്ചിരുന്നു. ബ്രസീലില്‍ നടന്ന ഒന്നിലധികം ബോഡിബില്‍ഡിംഗ് മത്സരങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്, അതേസമയം മറ്റുള്ളവരെ അവരുടെ ഫിറ്റ്‌നസ് ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുകയും ചെയ്തുകൊണ്ടാണ് ക്രിസ്ത്യന്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിയത്.
അസുഖബാധിതനാണെന്ന് അറിഞ്ഞപ്പോള്‍ ക്രിസ്ത്യന്‍ ആകെ തളര്‍ന്നുപോയെന്ന് കാമുകി പറയുന്നു. രോഗത്തെക്കുറിച്ച് ആരോരും അവന്‍ പറഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെചികിത്സയും വൈകി. പക്ഷേ എല്ലാം തിരിച്ചറിഞ്ഞ് ചികിത്സയിലേക്ക് കടന്നപ്പോഴേക്കും ജീവിതത്തിലേക്ക് തിരികെ എത്താനാകാത്ത വിധം ക്രിസ്ത്യന്‍ മരണത്തിന്റെ ആഴങ്ങളിലേക്ക് യാത്രയായി.