‘നിനക്ക് എന്നെക്കാള്‍ നല്ലൊരാളെ കിട്ടും’; പങ്കാളിയോട് വേറെ വിവാഹം കഴിക്കാന്‍ പറയുന്നത് ആത്മഹത്യാ പ്രേരണയല്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: മാതാപിതാക്കളുടെ ഉപദേശപ്രകാരം വിവാഹം കഴിക്കാന്‍ പങ്കാളിയെ ഉപദേശിക്കുന്നത് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 306-ാം വകുപ്പ് പ്രകാരമുള്ള ആത്മഹത്യാ പ്രേരണാ വകുപ്പുകള്‍ക്ക് വിധേയമാകില്ലെന്ന് സുപ്രീം കോടതി. ഒരു പ്രത്യേക കേസ് പരിഗണിക്കവെ, യുവാവിനെതിരെ ചുമത്തിയ ആത്മഹത്യാ പ്രേരണാക്കുറ്റം റദ്ദാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

ഈ സാഹചര്യത്തില്‍, മാതാപിതാക്കളുടെ ഇഷ്ടപ്രകാരം വിവാഹം കഴിക്കാന്‍ കാമുകന്‍ ഉപദേശിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. ആണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹം ആലോചിക്കാന്‍ അന്വേഷിക്കാന്‍ തുടങ്ങിയതോടെ പെണ്‍കുട്ടി അസ്വസ്ഥയായി. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത്.

പെണ്‍കുട്ടിയുടെ മരണത്തെത്തുടര്‍ന്ന്, കാമുകനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 306ാം വകുപ്പ് പ്രകാരം ആത്മഹത്യാ പ്രേരണയ്ക്ക് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേസ് റദ്ദാക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

തകരുന്ന ബന്ധങ്ങളും തകരുന്ന ഹൃദയങ്ങളും ഇന്ന് നിത്യജീവിതത്തിന്‍റെ ഭാഗമാണെന്ന് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

“ബന്ധം അവസാനിപ്പിക്കുന്നതും, കാമുകിയോട് വേറെ വിവാഹം കഴിക്കണമെന്ന് ഉപദേശിക്കുകയും ചെയ്യുന്നത് ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുകയാണെന്ന് പറയാനാവില്ല. അതുകൊണ്ട് തന്നെ ഐ.പി.സി 306 പ്രകാരമുള്ള കുറ്റം നിലനിൽക്കില്ല. നേരിട്ടോ പരോക്ഷമായോ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന പ്രവൃത്തിയുണ്ടായാൽ മാത്രമേ പ്രേരണാക്കുറ്റം ചുമത്താനാകൂ,,” കോടതി വ്യക്തമാക്കി.