
ദില്ലി: രാജസ്ഥാനിൽ 14 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ സഹോദരങ്ങൾക്ക് വധശിക്ഷ വിധിച്ച് കോടതി. രാജസ്ഥാനിലെ ഭിൽവാരയിലെ പ്രത്യേക കോടതിയാണ് വധശിക്ഷ വിധിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് ജഡ്ജി അനിൽ ഗുപ്ത പറഞ്ഞു. കാലു, കൻഹ എന്നീ സഹോദരങ്ങളെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി വധശിക്ഷക്ക് വിധിച്ചത്.
കേസിലെ പ്രതികളായ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ മറ്റ് ഏഴ് പേരെയും കോടതി വെറുതെവിട്ടു. കുറ്റവിമുക്തരാക്കിയ രണ്ട് സ്ത്രീകൾ പ്രതികളുടെ ഭാര്യമാരാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റ് മൂന്നിനാണ് സംഭവമുണ്ടായത്. കന്നുകാലികളെ മേയ്ക്കാനെത്തിയ പെൺകുട്ടിയാണ് പ്രതികളുടെ ക്രൂരതക്ക് ഇരയായത്. വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് രാത്രി 10 മണിയോടെ സമീപത്തെ ചൂളയിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. പരിശോധിച്ചപ്പോൾ കീറിയ വസ്ത്രങ്ങളും ചെരിപ്പുകളും സമീപത്ത് കണ്ടെത്തി. ചൂളയിൽ നിന്ന് എല്ലുകളും പകുതി കത്തിയ ശരീരഭാഗങ്ങളും കണ്ടെടുത്തു. തുടർന്ന് ശരീരഭാഗങ്ങളുടെ ഫോറൻസിക് പരിശോധനയിൽ പെൺകുട്ടിയെ ജീവനോടെ കത്തിച്ചതാണെന്ന് കണ്ടെത്തി. അന്വേഷണത്തിൽ സഹോദരങ്ങൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് വടികൊണ്ട് തലയ്ക്കടിച്ച് അബോധാവസ്ഥയിലാക്കി കത്തിച്ചതാണെന്ന് പൊലീസ് കണ്ടെത്തി.