മുതിർന്ന മാധ്യമപ്രവർത്തകൻ ബിആർപി ഭാസ്കർ അന്തരിച്ചു

കേരളത്തിലെ അതികായനായ മുതിർന്ന മാധ്യമ പ്രവർത്തകനും മനുഷ്യാവകാശ-സാമൂഹ്യ പ്രവര്‍ത്തകനുമായ ബി ആർ പി ഭാസ്കർ (92) അന്തരിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ അമരക്കാരിൽ ഒരാളായ അദ്ദേഹം രാജ്യമറിയുന്ന മാധ്യമപ്രവര്‍ത്തകരിൽ ഒരാളായിരുന്നു. വാര്‍ധക്യസഹചമായ അസുഖങ്ങളാല്‍ സഹോദരിയുടെ വീട്ടില്‍ കഴിയുകയായിരുന്നു അദ്ദേഹം.

ഡെക്കാണ്‍ ഹെറാള്‍ഡ് , പേട്രിയറ്റ്, യുഎന്‍ഐ അടക്കമുളള മാധ്യമ സ്ഥാപനങ്ങളില്‍ 70 വര്‍ഷത്തോളം ജോലി ചെയ്തിട്ടുണ്ട്. 1932 മാര്‍ച്ച് 12-ന് കൊല്ലം കായിക്കരയിലാണ് ജനിച്ചത്. നവഭാരതം പത്രം ഉടമ എ.കെ.ഭാസ്കറിന്‍റെയും മീനാക്ഷിയുടെയും മകനായിരുന്നു. ‘ചരിത്രം നഷ്ടപ്പെട്ടവര്‍’, ‘ന്യൂസ് റൂം- ഒരു മാധ്യമപ്രവര്‍ത്തകന്റെ അനുഭവകുറിപ്പുകള്‍’ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

1952-ൽ ‘ദ ഹിന്ദു’വിൽ ട്രെയിനിയായി. 14 വര്‍ഷം ദ ഹിന്ദു, സ്റ്റേറ്റ്സ്മാൻ, പേട്രിയറ്റ് എന്നീ പത്രങ്ങളില്‍ ജോലി ചെയ്തു. 1966-ല്‍ ദേശീയ വാര്‍ത്താ ഏജന്‍സിയായ യുഎന്‍ഐയില്‍ ചേര്‍ന്നു. കൊല്‍ക്കത്തയിലും കശ്മീരിലും യുഎന്‍ഐയുടെ ബ്യൂറോ ചീഫായിരുന്നു. കശ്മീര്‍ ഭരണകൂടത്തിനെതിരെ വാര്‍ത്ത നല്‍കിയതിന് ബിആര്‍പിക്കെതിരേ വധശ്രമമുണ്ടായി.

ഡെക്കാണ്‍ ഹെറാള്‍ഡില്‍ 1984 മുതല്‍ മാധ്യമപ്രവര്‍ത്തകനായി. ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ആരംഭിച്ചപ്പോൾ വാര്‍ത്താ വിഭാഗം ഉപദേഷ്ടാവായിരുന്നു. ‘പത്രവിശേഷം’ എന്ന മാധ്യമ വിമര്‍ശന പംക്തിയിലൂടെ ടെലിവിഷന്‍ മീഡിയയില്‍ അദ്ദേഹം ശ്രദ്ധേയ സാന്നിധ്യമായിരുന്നു. 1991-ല്‍ പത്രപ്രവര്‍ത്തന ജോലിയില്‍ നിന്ന് വിരമിച്ചു.

ഭാര്യ രമ 2023 ഫെബ്രുവരിയില്‍ മരിച്ചു. ഏകമകള്‍ ബിന്ദു ഭാസ്കര്‍ 2019-ല്‍ മരിച്ചു. 

BRP Bhaskar passed Away

More Stories from this section

family-dental
witywide