
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ബിആർഎസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ. കവിതയെ അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ കവിതയുടെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), ഐടി വകുപ്പുകൾ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് കസ്റ്റഡിയും അറസ്റ്റും.
ഹൈദരാബാദിൽനിന്ന് കവിതയെ ഡൽഹിയിലെത്തിക്കും. കൊണ്ടുപോകുമെന്നാണ് വിവരം. ഇതേ കേസിൽ ഡൽഹി മുഖ്യമന്ത്രി കൂടിയായ എഎപി നേതാവ് അരവിന്ദ് കേജ്‍രിവാളിനോട് ശനിയാഴ്ച മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകാൻ ഡൽഹി സെഷൻസ് കോടതി നിർദേശിച്ചു.
കേസിൽ ഇഡിയും ഐടി വകുപ്പും കവിതക്ക് രണ്ടുതവണ നോട്ടീസ് നൽകിയിരുന്നെങ്കിലും അവർ മറുപടി നൽകിയില്ല. പിന്നാലെയാണ് അപ്രതീക്ഷിത റെയ്ഡും അറസ്റ്റും. കേസുമായി ബന്ധപ്പെട്ട് കവിതയുടെ കൂട്ടാളിയും ഹൈദരാബാദിലെ മദ്യവ്യവസായിയുമായ മലയാളി അരുൺ രാമചന്ദ്രൻ പിള്ളയെ ഇ.ഡി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
BRS Leader Kavitha arrested for delhi liquor policy case