
വാഷിങ്ടൺ: യുവത്വം നിലനിര്‍ത്താന്‍ നടത്തിയ അവസാന പരീക്ഷണം പാളിയെന്ന് അമേരിക്കന്‍ ശതകോടീശ്വരന്‍ ബ്രയാന്‍ ജോണ്‍സൻ. മറ്റൊരാളുടെ ശരീരത്തില്‍ നിന്നെടുത്ത കൊഴുപ്പ് കുത്തിവെയ്ക്കാനുള്ള ശ്രമത്തെ തുടര്‍ന്ന് മുഖം വീര്‍ക്കുകയും ചുവപ്പ് നിറമാവുകയും ചെയ്തെന്ന് ചിത്രങ്ങൾ സഹിതം ഇയാൾ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
ശരീരത്തില്‍നിന്ന് കൊഴുപ്പ് നഷ്ടപ്പെട്ട് ഞാന്‍ മെലിഞ്ഞു. പ്രത്യേകിച്ച് മുഖത്തെ കൊഴുപ്പാണ് നഷ്ടപ്പെട്ടത്. ഞാന്‍ മരണത്തന്റെ വക്കിലാണെന്നുവരെ ആളുകള്‍ കരുതി. തുടര്‍ന്നാണ് ‘പ്രൊജക്റ്റ് ബേബി ഫെയ്‌സ്’ എന്ന പേരിലുള്ള പരീക്ഷണത്തിന് മുതിര്‍ന്നത്. മറ്റൊരാളുടെ കൊഴുപ്പ് ശരീരത്തിൽ കുത്തിവെക്കുകയായിരുന്നു പ്രൊജക്ട്. ഇഞ്ചക്ഷന്‍ എടുത്ത് 30 മിനിറ്റിനുശേഷം തന്നെ തന്റെ മുഖം വീര്‍ത്തെന്നും കണ്ണുകള്‍ ചുരുങ്ങിപ്പോയെന്നും ബ്രയാന്‍ പറഞ്ഞു.
ഏഴ് ദിവസത്തിനുശേഷം മുഖം പഴയ അവസ്ഥയിലെത്തിയെന്നും ഇപ്പോള്‍ പുതിയ പരീക്ഷണത്തിനായുള്ള പദ്ധതികളുമായി തന്റെ ടീം മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. യുവത്വം നിലനിര്‍ത്താന്‍ ബ്രയാൻ നടത്തുന്ന ശ്രമങ്ങൾ വാർത്താ പ്രാധാന്യം നേടിയിരുന്നു. കടുത്ത ഡയറ്റും വ്യായാമവും മരുന്നുകളുമായാണ് ഇയാൾ ചെറുപ്പമാകുന്നത്. തനിക്ക് അഞ്ച് വയസ്സ് കുറഞ്ഞെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു.
കൗമാരക്കാരനായ മകനില്‍ നിന്ന് രക്തം കൈമാറ്റം ചെയ്ത ബ്രയാന്‍ നൂറിലധികം സപ്ലിമെന്റുകളാണ് ദിവസവും എടുക്കുന്നത്. മാത്രമല്ല ദിവസവും ശരീരത്തിലെ കൊഴുപ്പിന്റെ അളവ് പരിശോധിക്കുകയും ചെയ്യുന്നുണ്ട്. ബ്രയാന്റെ യൗവനത്തിലേക്കുള്ള ഈ പ്രക്രിയയില്‍ പിന്തുണയ്ക്കാനായി മാത്രം മുപ്പതോളം ഡോക്ടര്‍മാരുടെ സംഘത്തേയും നിയോഗിച്ചിട്ടുണ്ട്.
bryan johnsons face blows up after anti ageing














