ഡൽഹി: രാജ്യത്തെ പ്രമുഖ പൊതുമേഖലാ ടെലികോം കമ്പനിയായ ബി എസ് എൻ എല്‍ (ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്) ലോഗോയില്‍ അടിമുടി മാറ്റം. ആദ്യ ലോഗോയിലെ നീലയും ചുവപ്പും മാറ്റി, ദേശീയ പതാകയിലെ നിറമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍, ഇതില്‍ കാവിനിറമാണ് തെളിഞ്ഞുനില്ക്കുന്നത്. ഒരു ഭൂപടത്തിനുള്ളില്‍ ഇന്ത്യയുടെ ഭൂപടം ആലേഖനം ചെയ്തിരിക്കുന്നതാണ് പുതിയ ലോഗോ. ഇതില്‍, ഭൂപടം ഏതാണ്ട് പൂർണമായും കാവി നിറത്തിലാണ്.
ഭൂപടത്തെ ‘ചുറ്റുന്ന’ ദിശാസൂചികള്ക്കാണ് പതാകയിലെ മറ്റു രണ്ട് നിറങ്ങള്‍ നല്‍കിയിരിക്കുന്നത്. ലോഗോയിലെ വാചകങ്ങളും മാറ്റി. നേരത്തെയുണ്ടായിരുന്ന ‘കണക്ടിങ് ഇന്ത്യ’ ക്കു പകരം ‘കണക്ടിങ് ഭാരത്’ എന്നാക്കി.
സുരക്ഷിതമായി വിശ്വസനീയമായി താങ്ങാനാവുന്ന ചെലവില്‍ ഭാരതത്തെ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തെയാണ് പുതിയ ലോഗോ പ്രതിഫലിപ്പിക്കുന്നതെന്നാണ് ബി.എസ്.എന്‍.എല്‍ വ്യക്തമാക്കുന്നത്. കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഡല്‍ഹിയിലെ ബി.എസ്.എന്‍.എല്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പുതിയ ലോഗോ അനാച്ഛാദനം ചെയ്തത്.
ലോഗോ മാറ്റിയതിനൊപ്പം പുതിയ ഏഴ് സർവീസുകളും അവതരിപ്പിച്ചിട്ടുണ്ട്. സ്പാം കോളുകളെ ബ്ലോക്ക് ചെയ്യുക, വൈഫൈ റോമിങ് അടക്കമുള്ളവ പുതിയ സൗകര്യങ്ങളിൽപ്പെടുന്നു. ഉപഭോക്താക്കൾക്ക് എവിടെ നിന്നും സിം എടുക്കുന്നതിനായി എനി ടൈം സിം കിയോസ്ക്കുകൾ, എസ്എംഎസ് സർവീസിനായി സാറ്റലൈറ്റ് ടു ഡിവൈസ് കണക്ടിവിറ്റി എന്നിവയും പ്രഖ്യാപിച്ചിട്ടുണ്ട്.













