അസ്തമിച്ചത് ബംഗാളിന്റെ ചുവന്ന സൂര്യൻ; അഴിമതിയുടെ കറ പുരളാത്ത ലളിത ജീവിതം, പ്രായോഗികവാദിയായ ‘ബ്രാൻഡ് ബുദ്ധ’, മികച്ച എഴുത്തുകാരൻ

ബംഗാളിനെ സംബന്ധിച്ചും സിപിഎമ്മിനെ സംബന്ധിച്ചും ബുദ്ധദേവ് ഭട്ടാചാര്യ എന്നത് ഒരു യുഗപുരുഷനായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ അതികായനും പൂർണമായും ബംഗാളി ഭദ്രലോക് എന്ന വിശേഷണം അർഹിക്കുന്ന ബുദ്ധിജീവിയും എഴുത്തുകാരനും മികച്ച സാഹിത്യ – കലാ ആസ്വാദകനുമായിരുന്നു അദ്ദേഹം. അഴിമതിയുടെ കറ പുരളാത്ത രാഷ്ട്രീയക്കാരനായിരുന്നെങ്കിലും ജനങ്ങൾ അദ്ദേഹത്തെ തള്ളിപ്പറഞ്ഞു. വികസനോന്മുഖമായ കാഴ്ചപ്പാടുകളുള്ള അദ്ദേഹത്തെ ‘ ബ്രാൻഡ് ബുദ്ധ’ എന്നാണ് മാധ്യമങ്ങൾ വിശേഷിപ്പിച്ചിരുന്നത്. വികസനത്തിനു രാഷ്ട്രീയവും പ്രത്യയശാസ്ത്രവുമില്ലെന്ന പല ഇടതു നേതാക്കളുടെയും നിലപാടുകള്‍ തന്നെയായിരുന്നു അദ്ദേഹത്തിനും.

പ്രായോഗികമതിയായ , ഉദാരമതിയായ കമ്യൂണിസ്റ്റ് എന്ന് ആളുകൾ വിശേഷിക്കുമ്പോൾ തന്നെ വിപ്ലവം വിളഞ്ഞ വംഗനാടിന്റെ മണ്ണിൽ ആ വിപ്ലവം വീര്യംചോർന്ന് പാർട്ടി ശോഷിച്ചുപോയത് ബുദ്ധദേവിൻ്റെ കാലത്താണ്. നന്ദിഗ്രാം എന്ന ചോരവീണ മണ്ണിനൊപ്പം ചേരുപടി ചേർക്കുന്ന പേര്. പക്ഷേ ബുദ്ധദേവിനെ ഒഴിച്ചുനിർത്തിക്കൊണ്ടൊരു ചരിത്രം ബംഗാളിനോ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനോ അസാധ്യമാണ്. അത്രമേൽ സമ്പന്നമാണ് ചുവന്ന അക്ഷരങ്ങളിൽ കോറിയിട്ട ആ ജീവിതവും അത് പിൻതലമുറകൾക്ക് പകർന്നുതരുന്ന വിപ്ലവപാഠങ്ങളും.

ജ്യോതിബസുവിന് ശേഷം ബംഗാളിൽ ആര് എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ബുദ്ധദേവ് ഭട്ടാചാര്യ. ലാളിത്യവും സത്യസന്ധതയും കൈമുതലാക്കിയാണ് നേതൃനിരയിലേക്ക് അദ്ദേഹമെത്തിയത്. ബസുവിന്റെ സര്‍ക്കാരില്‍ അംഗമായി 1977 മുതല്‍ അദ്ദേഹം ഭരണസിരാകേന്ദ്രമായ റൈറ്റേഴ്സ് ബില്‍ഡിങ്ങില്‍ ഉണ്ടായിരുന്നു. സാംസ്‌കാരിക വകുപ്പ് മന്ത്രിയായാണ് തുടക്കം. 1999-ല്‍ ജ്യോതി ബസു സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായ ഭട്ടാചാര്യ 2000-ല്‍ ആദ്യമായി മുഖ്യമന്ത്രിസ്ഥാനത്തെത്തി. 2000 മുതല്‍ 2011 വരെ മൂന്ന് തവണ ബംഗാളിന്റെ മുഖ്യമന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്. സംസ്ഥാനത്തിൻ്റെ ഏഴാമത്തെ മുഖ്യമന്ത്രിയായിരുന്ന ഭട്ടാചാര്യ, തൻ്റെ പാർട്ടിയുടെ വ്യവസായ വിരുദ്ധ പ്രതിച്ഛായ ഇല്ലാതാക്കാനും വ്യവസായവൽക്കരണം പ്രോത്സാഹിപ്പിക്കാനും ബംഗാളിൻ്റെ മോശം സമ്പദ്‌വ്യവസ്ഥയ്ക്ക് പുതുജീവൻ നൽകാൻ കഠിനമായി ശ്രമിച്ചു.

യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെ സംസ്ഥാനത്ത് വ്യവസായങ്ങൾ സ്ഥാപിക്കുന്നതിനായി നിക്ഷേപകരെയും വൻ മൂലധനത്തെയും ആകർഷിക്കുന്നതിൽ അദ്ദേഹം സജീവമായി ഏർപ്പെട്ടു.

ഇന്ത്യയില്‍ മുഖ്യധാര ഇടതുപക്ഷത്തിന്റെ തളര്‍ച്ചയ്ക്കു തുടക്കം കുറിച്ച കാലമായിരുന്നു ബുദ്ധദേബിന്റേത്. ആയിരം ഏക്കറോളം കൃഷി ഭൂമി ടാറ്റയുടെ നാനോ കാര്‍ നിര്‍മാണ ഫാക്ടറിയ്ക്കുവേണ്ടി സിംഗൂരിൽ ഏറ്റെടുത്തു. 48,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിക്കപ്പെട്ടു. സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ നന്ദിഗ്രാമില്‍ ഇന്ത്യോനേഷ്യയില്‍നിന്നുള്ള സലിം ഗ്രൂപ്പിനും വേണ്ടിയും ഭൂമി ഏറ്റെടുക്കപ്പെട്ടു. പ്രത്യേക സാമ്പത്തിക മേഖലയായിരുന്നു ഇവിടെയും പ്രഖ്യാപിക്കപ്പെട്ടത്. ഇന്തോനേഷ്യയിലെ കമ്യൂണിസ്റ്റുകാരെ കൂട്ടക്കൊല നടത്തിയവര്‍ക്കാണ് ബംഗാളില്‍ ചുവപ്പുപരവതാനി വിരിക്കപ്പെടുന്നതെന്ന വാദമൊന്നും ബുദ്ധദേബിനെ ബാധിച്ചില്ല. പ്രതിഷേധിച്ചവര്‍ക്കെതിരെ വെടിവെയ്പായി. 14 പേര്‍ കൊല്ലപ്പെട്ടു. തൃണമൂൽ കോൺഗ്രസും മാവോയിസ്റ്റുകളും എല്ലാം ചേര്‍ന്നുള്ള ഭൂമി ഉച്ഛെദ് പ്രതിരോധ് സമിതിയുടെ നേതൃത്വത്തില്‍ വലിയ കലാപം നടന്നു. ഇതിനെതിരെ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണവും. ഹര്‍മദ് ബാഹിനി എന്ന അക്രമിസംഘമാണ് സിപിഎമ്മിന്റെ പ്രതിരോധമേറ്റെടുത്തത്. അതിനെയും ബുദ്ധദേബിന് ന്യായീകരിക്കേണ്ടി വന്നു. ‘അവര്‍ക്ക് ലഭിക്കേണ്ടത് ലഭിച്ചു’ എന്നായിരുന്നു സമരക്കാര്‍ക്കെതിരായ സിപിഎമ്മിന്റെ ഹര്‍മദ് ബാഹിനിയുടെ ആക്രമണത്തിനു ബുദ്ധദേബിന്റെ ന്യായീകരണം.

34 വർഷത്തെ ഇടതുപക്ഷ ഭരണം അവസാനിക്കാൻ തന്റെ സർക്കാരിന്റെ ഭൂമി ഏറ്റെടുക്കൽ വിവാദം കാരണമായെന്നു സമ്മതിച്ചെങ്കിലും നയത്തിൽ ബുദ്ധദേവ് പശ്ചാത്താപം പ്രകടിപ്പിച്ചിരുന്നില്ല. വ്യവസായ വളർച്ചയുടെ നല്ലഫലം ജനത്തിനു മനസ്സിലായില്ലെന്നാണ് അദ്ദേഹം പരിതപിച്ചത്.

ബംഗാളി ഭാഷയിലെ ശ്രദ്ധേയനായ എഴുത്തുകാരനായിരുന്നു അദ്ദേഹം. ടി.എസ്.എലിയറ്റ്, പാബ്ലോ നെരൂദ, ഗബ്രിയേൽ ഗാർസിയ മാർക്വേസ്, വ്ലാഡിമിർ മയക്കോവ്സ്കി തുടങ്ങിയവരുടെ കൃതികൾ വിവർത്തനം ചെയ്തു. ‘ചെനെ ഫുലർ ബന്ദോ’ എന്ന കവിതാസമാഹാരവും ‘ദുഷ് ഷമയ് ’ എന്ന നാടകവും രചിച്ചിട്ടുണ്ട്. രവീന്ദ്ര സംഗീതത്തിന്റെ ആസ്വാദകനായിരുന്ന അദ്ദേഹം മന്ത്രിയായിരിക്കുമ്പോഴും ചെറിയ ഫ്ലാറ്റിലാണ് കഴിഞ്ഞിരുന്നത്. 2022ൽ രാജ്യം പദ്മഭൂഷൻ നൽകിയെങ്കിലും ബുദ്ധദേവ് നിരസിച്ചു.

ബാബ്‌റി മസ്ജിദ് തകര്‍ന്നതിന്റെ പതിനഞ്ചാം വാര്‍ഷികം ആചരിക്കുന്ന ഒരു ചടങ്ങില്‍ ശ്രീരാമന്‍ ജനിച്ചതും ജീവിച്ചതുമെല്ലാം കവികളുടെയും കഥാകാരന്‍മാരുടെയും ഭാവനയില്‍ മാത്രമായിരുന്നുവെന്നും രാമസേതു പ്രകൃതിയില്‍ സ്വഭാവികമായി രൂപപ്പെട്ടതാണെന്നും ഉള്ള അദ്ദേഹത്തിന്റെ പരാമര്‍ശം വീണ്ടും വിമര്‍ശനങ്ങള്‍ക്കിട വരുത്തി. ബംഗാളില്‍ 2011ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനേറ്റ തിരിച്ചടി മുതല്‍ അദ്ദേഹം സ്ഥാനങ്ങളില്‍ നിന്നൊഴിഞ്ഞു നിന്നിരുന്നു. അനാരോഗ്യം ചൂണ്ടിക്കാട്ടി പലതവണ രാജി സന്നദ്ധത അറിയിച്ചിരുന്നെങ്കിലും സിപിഎം നേതൃത്വം രാജി സ്വീകരിച്ചിരുന്നില്ല. ഒടുവില്‍ ആരോഗ്യാവസ്ഥ വഷളായതിനെ തുടര്‍ന്ന് 2018ലാണ് സിപിഎമ്മിന്റെ എല്ലാം ഔദ്യോഗിക പദവികളില്‍ നിന്നും ബുദ്ധദേവ് ഭട്ടാചാര്യ ഒഴിഞ്ഞത്. ശ്വാസകോശ സംബന്ധമായ രോഗമുള്ളതിനാല്‍ പൊളിറ്റ്ബ്യൂറോയില്‍ നിന്നും കേന്ദ്ര കമ്മിറ്റിയില്‍ നിന്നും ഒഴിവായ ഭട്ടാചാര്യ 2019 മാര്‍ച്ച് മുതല്‍ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് അഞ്ച് വര്‍ഷത്തോളമായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയാണ് മരണം.

he red sun of Bengal Buddhadeb Bhattacharjee has set

More Stories from this section

family-dental
witywide