
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം എന്തുവന്നാലും കേരളം നടപ്പാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി നിലപാട് ആവർത്തിച്ചത്. സി എ എ ജനവിരുദ്ധവും വർഗ്ഗീയ അജണ്ടയുടെ ഭാഗവുമാണെന്നും പിണറായി വിജയൻ ചൂണ്ടികാട്ടി. കേരളം നിയമപരമായ പോരാട്ടം തുടരും. സംഘപരിവാറിന്റെ ഹീനനടപടി അന്താരാഷ്ട്ര തലത്തിൽ വരെ വിമർശിക്കപ്പെടുകയാണ്. ഭരണഘടന മൂല്യങ്ങളുടെ നഗ്നമായ ലംഘനമാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ നടക്കുന്നത്. മുസ്ലീംങ്ങളെ രണ്ടാംതരം പൗരൻമാരാക്കുന്നതാണ് ഈ നിയമം. ഭരണഘടനക്ക് പകരം മനുസ്മൃതിയെ പ്രതിഷ്ഠിക്കുന്ന സംഘപരിവാറിന്‍റെ തലച്ചോറാണ് സി എ എക്ക് പിന്നിലെന്നും പിണറായി അഭിപ്രായപ്പെട്ടു. പൗരത്വ പ്രശ്നത്തിൽ കോൺഗ്രസിന്‍റെ ദേശീയ തലത്തിലെ നിലപാടും മുഖ്യമന്ത്രി ചോദ്യം ചെയ്തു. കോൺഗ്രസ് പുലർത്തുന്നത് കുറ്റകരമായ മൗനമാണെന്ന് പറഞ്ഞ പിണറായി, സി എ എക്കെതിരെ ദേശീയതലത്തിൽ കോൺഗ്രസ് നിലപാട് എന്താണെന്നും ചോദിച്ചു. ഭാരത് ജോഡോ ന്യായ് യാത്ര നടത്തുന്ന രാഹുൽ ഗാന്ധി ഇതൊന്നും അറിഞ്ഞില്ലേയെന്നും ചോദിച്ച പിണറായി, രാഹുൽ ഒരക്ഷരം മിണ്ടിയില്ലെന്നും ചൂണ്ടികാട്ടി. എന്തിനിത്ര തിടുക്കമെന്ന് മാത്രമാണ് കെ സി വേണുഗോപാൽ ചോദിച്ചതെന്നും പിണറായി വിമർശിച്ചു. കുടിയെറ്റക്കാരെ മുസ്ലീങ്ങളെന്നും മുസ്ലീം ഇതര വിഭാഗമെന്നും വേർതിരിക്കുന്നത് എങ്ങനെയാണെന്നും മുഖ്യമന്ത്രി ചോദിച്ചു. സി എ എ ഭരണ ഘടന വിരുദ്ധമെന്ന് ആവർത്തിച്ച മുഖ്യമന്ത്രി, പൗരത്വ ഭേദഗതി ജനവിരുദ്ധവും വർഗ്ഗീയ അജണ്ടയുടെ ഭാഗമാണെന്നും കൂട്ടിച്ചേർത്തു. കേരളം എന്തായാലും സി എ എ നടപ്പാക്കില്ലെന്നും നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്നും ഇക്കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും നിയമ പരമായ തുടർ നടപടിക്ക് കേരളം തയ്യാറാണെന്നും പിണറായി വിജയൻ വിവരിച്ചു.
CAA will not be enforced in Kerala, declares CM Pinarayi