കൊൽക്കത്ത: അക്ബറെന്നും സീതയെന്നും സിംഹങ്ങൾക്ക് പേര് നൽകിയത് ശരിയായില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി. സംഹങ്ങളുടെ പേര് മാറ്റി വിവാദം ഒഴിവാക്കാനും പശ്ചിമ ബംഗാൾ സർക്കാരിന് ഹൈക്കോടതി ഉപദേശം നൽകി. മൃഗങ്ങൾക്ക് ഇങ്ങനെ ദൈവങ്ങളുടെയും, നോബേൽ സമ്മാന ജേതാക്കളുടെയും, സ്വാതന്ത്ര്യ സമര സേനാനികളുടെയും പേര് ഇടാമോ എന്നും അങ്ങനെ പേര് ഇടുന്നത് ശരിയാണോയെന്നും കോടതി ചോദിച്ചു. വീട്ടിലെ വളർത്തുനായ്ക്ക് ഏതെങ്കിലും ദൈവങ്ങളുടെ പേര് ആരെങ്കിലും ഇടുമോ എന്നും ബംഗാൾ സർക്കാർ അഭിഭാഷകനോട് കോടതി ചോദിച്ചു.
ബംഗാളിൽ അല്ലാതെ തന്നെ നിരവധി വിവാദങ്ങൾ ഉണ്ടെന്നും അതിനിടെ ഈ വിവാദം ഒഴിവാക്കണമായിരുന്നു എന്നും കോടതി അഭിപ്രായപ്പെട്ടു. സർക്കാർ അഭിഭാഷകന്‍റെ വളർത്തുമൃഗങ്ങളുടെ പേര് എന്തൊക്കെയെന്ന് ചോദിച്ച ഹൈക്കോടതി, സിംഹത്തിന് സ്വാമി വിവേകാനന്ദൻ എന്നോ രാമകൃഷ്ണൻ എന്നോ പേരിടുമോയെന്നും ആരാഞ്ഞു. രവീന്ദ്രനാഥ ടാഗോർ എന്ന് പേരിടുമോ എന്നും കോടതിയുടെ ചോദ്യം ഉണ്ടായി. സിംഹത്തിന് ഇടാൻ വേറെ എത്ര പേരുകൾ ഉണ്ടായിരുന്നു എന്ന് കോടതി ആരാഞ്ഞു.
അതിനിടെ സിംഹങ്ങൾക്ക് സീത, അക്ബർ എന്ന് പേര് നൽകിയത് തങ്ങളല്ലെന്ന് പശ്ചിമ ബംഗാൾ സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അങ്ങനെ പേരിട്ടത് ബി ജെ പി ഭരിക്കുന്ന ത്രിപുരയിലെ സർക്കാരാണെന്നും ബംഗാൾ സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതിന്‍റെ രേഖകളും കോടതിയിൽ ഹാജരാക്കി. മൃഗങ്ങളുടെ കൈമാറ്റ പദ്ധതി പ്രകാരമാണ് ബംഗാളിലേക്ക് എത്തിച്ചതെന്നും കൊണ്ടുവന്നപ്പോൾ തന്നെ സീതയെന്നും അക്ബർ എന്നുമായിരുന്നു സിംഹങ്ങളുടെ പേരെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. ത്രിപുര പേര് നൽകിയപ്പോൾ അതിൽ മിണ്ടാതിരുന്ന വി എച്ച് പിയാണ് ഇപ്പോൾ ഹർജിയുമായി വന്നിരിക്കുന്നതെന്നും ബംഗാൾ സർക്കാർ വിമർശിച്ചു.
വാദം കേട്ട ഹൈക്കോടതി വി എച്ച് പി നൽകിയ റിട്ട് ഹർജി അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കി. റിട്ട് ഹർജി ആയി ഈ ആവശ്യം നിലനിൽക്കില്ലെന്നും പൊതുതാൽപര്യ ഹർജിയാക്കി മാറ്റാനും കോടതി നിർദ്ദേശിച്ചു.
ഏറ്റവും ഒടുവിൽ കൊൽക്കത്ത ഹൈക്കോടതി, സിംഹങ്ങളുടെ പേര് മാറ്റി വിവാദം ഒഴിവാക്കാൻ സംസ്ഥാന സർക്കാരിനെ ഉപദേശിച്ചു. ഇക്കാര്യത്തിൽ തീരുമാനമെടുത്ത് പത്തു ദിവസത്തിനുള്ളിൽ റെഗുലർ ബെഞ്ചിന് മുന്നിൽ സമർപ്പിക്കാണമെന്നും കോടതി നിർദേശിച്ചു. കൊൽക്കത്ത ഹൈക്കോടതിയുടെ പ്രധാന ബെഞ്ചിന് മുന്നിൽ സമർപ്പിക്കാനാണ് ഉത്തരവിട്ടത്. നിലവിൽ കൊൽക്കത്ത ഹൈക്കോടതിയുടെ സർക്യൂട്ട് ബെഞ്ചാണ് സിംഹങ്ങളുടെ പേര് വിഷയം പരിഗണിച്ചത്.
Calcutta High Court Suggests State To Change sita akbar lions name