ഗുഹകളില്‍ താമസിക്കുന്ന മനുഷ്യരോ! അതും കാലിഫോര്‍ണിയയില്‍, ഭവനരഹിത പ്രതിസന്ധിയുടെ കാണാപ്പുറങ്ങള്‍

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ ഭവനരഹിതരായ ആളുകള്‍ ഗുഹകള്‍ വീടാക്കുന്നതായി കണ്ടെത്തല്‍. വീടെന്നുവെച്ചാല്‍ അത്യാവശ്യം ഫര്‍ണിച്ചറുകളില്ലാതെങ്ങനാ…അല്ലേ, എങ്കില്‍ കേട്ടോളൂ ഫര്‍ണിച്ചറുകളും മരുന്നുകളുമുള്‍പ്പെടെയാണ് കണ്ടെത്തിയ ഗുഹകളിലുണ്ടായിരുന്നത്.

കാലിഫോര്‍ണിയയിലെ ഭവനരഹിത പ്രതിസന്ധിയുടെ വ്യക്തമായ ഉദാഹരണമായി ഇതിനെ വിലയിരുത്താം.
കാലിഫോര്‍ണിയ ട്യൂലൂംനെ നദിക്കരയില്‍ ശുചീകരണത്തിനിടെയാണ് അധികാരികള്‍ ഗുഹകള്‍ കണ്ടെത്തിയത്.

വാരാന്ത്യത്തില്‍, മൊഡെസ്റ്റോ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് പ്രാദേശിക കമ്മ്യൂണിറ്റി വോളണ്ടിയര്‍ ഗ്രൂപ്പുമായി സഹകരിച്ച് ട്യൂലൂംനെ നദിയുടെ പരിസരത്ത്, പ്രത്യേകിച്ച് ക്രേറ്റര്‍ അവന്യൂവിലും ഡാളസ് സ്ട്രീറ്റിലും സംയുക്ത ശുചീകരണ പ്രവര്‍ത്തനം നടത്തി. ഇവിടം പലരും അലഞ്ഞ് തിരിഞ്ഞ് നടക്കാനും അനധികൃത കൂടിച്ചേരലിനുമൊക്കെ ഉപയോഗിക്കുന്നു എന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.

നദീ തീരം വൃത്തിയാക്കിയവരാകട്ടെ, കരയോട് ചേര്‍ന്ന് ഗുഹകള്‍ കണ്ടെത്തുകയും അതില്‍ മനുഷ്യവാസം ഉണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ ഗുഹകളില്‍ നിന്നും പരിസരത്തുനിന്നുമായി മൂന്ന് ടണ്ണിലധികം മാലിന്യം കണ്ടെത്തി.

20 അടി താഴ്ചയുള്ള ഈ ഭൂഗര്‍ഭ വാസസ്ഥലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കോണിപ്പടികളും ഉണ്ടായിരുന്നു. ഭവനരഹിതരുടെ ബുദ്ധിമുട്ടുകള്‍ എത്ര ആഴത്തിലുള്ളതാണെന്ന് ഈ ഗുഹകള്‍ വിളിച്ചുപറയുന്നു. സുരക്ഷിതമായി ഒന്നുറങ്ങാന്‍ മനുഷ്യന്‍ എത്ര ബുദ്ധിമുട്ടുന്നുവെന്നും ഈ സംഭവം ചൂണ്ടിക്കാട്ടുന്നുവെന്ന് പലരും അഭിപ്രായപ്പെടുന്നു. അതേസമയം, നദീതീരത്ത് ഇത്തരത്തില്‍ ജീവിക്കുന്നവരുടെ സുരക്ഷയെ സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. മണ്ണിടിച്ചില്‍ പോലുള്ള പ്രശ്‌നങ്ങളും, അപ്രതീക്ഷിതമായുണ്ടാകുന്ന വെള്ളപ്പൊക്കവും ഇവരുടെ ജീവന് ഭീഷണിയാകുമെന്നതും ആശങ്ക ഉണര്‍ത്തുന്നു. ഇതിനൊക്കെ പുറമെ, ഭവനരഹിത പ്രതിസന്ധിയും ചര്‍ച്ചയാകുന്ന സംഭവംകൂടിയാണ്.