ഡല്‍ഹിയിലടക്കം നാളെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ബഹിഷ്‌കരിക്കണമെന്ന് ചുവരെഴുത്തുകള്‍

ന്യൂഡല്‍ഹി: പതിനെട്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഏഴു ഘട്ടങ്ങളിലായി രാജ്യത്ത് തിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ഡല്‍ഹിയിലടക്കം നാളെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബഹിഷ്‌കരണ ആഹ്വാനവും എത്തിയിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുക, നക്സലിസത്തെ പുകഴ്ത്തുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഡല്‍ഹി യൂണിവേഴ്സിറ്റി ഏരിയയില്‍ ഒന്നിലധികം സ്ഥലങ്ങളില്‍ ചുവരുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ പട്രോളിങ്ങിനിടെയാണ് പ്രദേശത്ത് തിരഞ്ഞെടുപ്പിനെതിരായ മുദ്രാവാക്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് രണ്ട് എഫ്‌ഐആറുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

‘തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കൂ, പുതിയ ജനാധിപത്യത്തില്‍ ചേരൂ’, ‘നക്സല്‍ബാരി നീണാള്‍ വാഴൂ’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സര്‍വകലാശാലാ ചുമരുകളിലും പോലീസ് ബാരിക്കേഡുകളിലും എഴുതിയിരുന്നു. സ്വയം പ്രഖ്യാപിത യുവജന സംഘടനയായ ഭഗത് സിംഗ് ഛത്ര ഏകതാ മഞ്ച് (ബിഎസ്സിഇഎം) മുദ്രാവാക്യങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.