ഗാസയിൽ നിശബ്ദത പാലിച്ചു; സെലിബ്രിറ്റികൾക്കെതിരെ ‘ബ്ലോക്കൗട്ട് 2024’ കാമ്പയിൻ

വാഷിങ്ടൺ: ഗാസയിലെ യുദ്ധത്തെക്കുറിച്ച് നിശബ്ദത പാലിച്ച സെലിബ്രിറ്റികളെ അവരുടെ പ്ലാറ്റ്‌ഫോമുകളിൽ ബ്ലോക്ക് ചെയ്യാൻ സോഷ്യൽ മീഡിയ ഉപയോക്താക്കളോട് ആഹ്വാനം ചെയ്യുന്ന ഓൺലൈൻ കാമ്പെയ്‌നുകൾ ഈ മാസം ആദ്യം, ഉയർന്നുവന്നിരുന്നു. മെയ് 6 ന് നടന്ന മെറ്റ് ഗാലയിൽ നിരവധി സെലിബ്രിറ്റികളും ഇൻഫ്ളുവൻസർമാരും പങ്കെടുത്തതിന് ശേഷം ഈ ആഹ്വാനം ശക്തമായി.

എക്സ്, ടിക് ടോക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ കൂട്ടമായി സെലിബ്രിറ്റികളെ ബഹിഷ്‍കരിക്കുന്ന കാമ്പയിനാണ് ‘ബ്ലോക്കൗട്ട് 2024’. ‘മെറ്റ് ഗാലയിൽ കോടികളൊഴുക്കിയവർ പലസ്തീനികൾ അനുഭവിക്കുന്ന മഹാദുരിതം കണ്ടില്ലെന്നു നടിക്കുന്നതിനെതിരെയാ പ്രതിഷേധമാണിത്. ഏറ്റവും ചെലവേറിയ വേഷങ്ങളിൽ സെലിബ്രിറ്റികൾ നിരന്നൊഴുകിയ ‘മെറ്റ് ഗാല’പരിപാടി നടക്കുമ്പോൾ ഗാസയിലും റഫയിലും പലസ്തീനികൾ കൂട്ട പലായനം നടത്തുകയായിരുന്നുവെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

450 പ്രമുഖർ അണിനിരക്കുന്ന പരിപാടിയിൽ ഒരാൾപോലും ഗാസയുടെ അവസ്ഥയെക്കുറിച്ച് സംസാരിച്ചില്ലെന്ന് കാമ്പയിനുമായി എത്തിയവർ പറയുന്നു. കിം കർഡാഷ്യൻ, സെൻഡായ, നോഹ് ഷ്നാപ്, ടെയ്‌ലർ സ്വിഫ്റ്റ്, ഹാരി സ്റ്റൈൽസ്, ഗാൽ ഗാഡോട്ട് തുടങ്ങി നിരവധി പേരെ ബ്ലോക്ക് ചെയ്യുന്നത് പുരോഗമിക്കുകയാണ്.