
ഒട്ടാവ: വിദേശത്ത് നിന്ന് പഠിക്കാനെത്തുന്ന വിദ്യാർഥികൾക്ക് ജോലി ചെയ്യാനുള്ള സമയം ക്രമീകരിച്ച് കാനഡ. വിദേശ വിദ്യാർഥികൾ ആഴ്ചയിൽ 24 മണിക്കൂർ മാത്രം ജോലി ചെയ്താൽ മതിയെന്നും പഠനത്തിനാണ് മുൻഗണന നൽകേണ്ടതെന്നും അധികൃതർ വ്യക്തമാക്കി. ഈ സെമസ്റ്റർ മുതൽ നിയമം നടപ്പാക്കുമെന്നും ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ അറിയിച്ചു.
കാനഡയിലേക്ക് വിദ്യാർഥികളായി വരുന്നവർ ആദ്യം പ്രാധാന്യം നൽകേണ്ടത് പഠിക്കാൻ ആയിരിക്കണം. ജോലിയല്ല പ്രധാനമെന്നും മാർക്ക് മില്ലർ പറഞ്ഞു. 2022 ഒക്ടോബറിൽ, ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ഓഫ്-കാമ്പസ് വർക്ക് അംഗീകാരമുള്ള വിദേശ വിദ്യാർഥികൾക്ക് ആഴ്ചയിൽ 20 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ താൽക്കാലികമായി അനുവദിച്ചിരുന്നു. ജോലി ചെയ്യാനായി കൂടുതൽ സമയം അനുവദിക്കുന്നത് വിദ്യാർഥികളുടെ അക്കാദമിക് പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മന്ത്രി മില്ലർ അഭിപ്രായപ്പെട്ടു.
കാനഡയിൽ ജോലി ചെയ്യുക എന്ന ലക്ഷ്യത്തോടെ സ്റ്റഡി പെർമിറ്റിന് അപേക്ഷിച്ചേക്കാവുന്ന വിദ്യാർഥികളെ തടയുകയും നിയമത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നു. ആഴ്ചയിൽ 28 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്ന വിദ്യാർത്ഥികൾക്ക് അക്കാദമിക് പ്രകടനത്തിൽ പ്രകടമായ ഇടിവുണ്ടാകുന്നതായി കണ്ടെത്തിയിരുന്നു.
Canada restrict foreign students working time