ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പിലേക്കുള്ള അടുത്ത സ്ഥാനാര്‍ത്ഥി പട്ടികയും പുറത്തുവിട്ട് കോണ്‍ഗ്രസ്. ലോക്സഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസത്തിന് മൂന്ന് ദിവസം മാത്രം ബാക്കിനില്‍ക്കെ, ഇപ്പോഴും അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുകയാണ് കോണ്‍ഗ്രസ്.
ഹരിയാന, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളേയാണ് പ്രഖ്യാപിച്ചത്. പുതിയ പട്ടികയില്‍ നാല് സ്ഥാനാര്‍ത്ഥികളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. അവരില്‍ ഗുഡ്ഗാവ് മണ്ഡലത്തില്‍ നിന്ന് നടനും രാഷ്ട്രീയക്കാരനുമായ രാജ് ബബ്ബറും ഹിമാചല്‍ പ്രദേശിലെ കാന്‍ഗ്ര മണ്ഡലത്തില്‍ നിന്നുള്ള മുന്‍ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ്മയും ഉള്‍പ്പെടുന്നു. മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ റാവു ഇന്ദര്‍ജിത് സിങ്ങിനെതിരെയാണ് ബബ്ബര്‍ മത്സരിക്കുക. ലോക്സഭാ തിരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിക്കുന്ന ശര്‍മ, ബിജെപിയുടെ രാജീവ് ഭരദ്വാജിനെതിരെയാണ് മത്സരിക്കുന്നത്.
ഇതോടെ, പത്ത് ലോക്സഭാ സീറ്റുള്ള ഹരിയാനയില്‍ നിന്ന് കോണ്‍ഗ്രസ് മത്സരിപ്പിക്കുന്ന ഒമ്പത് സ്ഥാനാര്‍ത്ഥികളുടെയും പേരുകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു സീറ്റ് ഇന്ത്യ സഖ്യത്തിലെ ആം ആദ്മിക്കാണ്.