
കൊച്ചി: അര്‍ജുന്‍ അശോകന്‍, മാത്യു തോമസ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഷൂട്ടിംഗിനിടെ വാഹനാപകടത്തില്‍പ്പെട്ട സംഭവത്തില്‍ കേസെടുത്ത് പൊലീസ്. അനുമതിയില്ലാതെയാണ് ചിത്രീകരണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അമിതവേഗത്തില്‍ വാഹനം ഓടിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്. കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്.
ഇന്ന് പുലര്‍ച്ചെ എറണാകുളം എം.ജി റോഡിലാണ് സിനിമാ ഷൂട്ടിങിനിടെ അപകടമുണ്ടായത്. അപകടത്തില്‍ നടന്‍ അര്‍ജുന്‍ അശോകന്‍, മാത്യു തോമസ്, സംഗീത് പ്രതാപ് എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ബ്രൊമാന്‍സ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം.
ചെയ്‌സിങ് സീന്‍ ചിത്രീകരിക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിസരത്തുണ്ടായ ഒരു ബൈക്ക് യാത്രികനും പരിക്കുണ്ട്. പുലര്‍ച്ചെയായതിനാല്‍ റോഡില്‍ തിരക്കു കുറവായത് വലിയൊരു അപകടത്തിലേക്ക് നയിച്ചില്ല. സിനിമയുടെ സ്റ്റണ്ട് മാസ്റ്ററാണ് വാഹനം ഓടിച്ചിരുന്നത് എന്നാണ് വിവരം.