
കോട്ടയം: ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത വിനോദ സഞ്ചാരികളുടെ കാർ തോട്ടിൽ വീണു. കുറുപ്പന്തറ കടവുപാലത്തിന് സമീപം ഇന്ന് പുലർച്ചെ മൂന്നിനാണ് സംഭവം. മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. കാറിലുണ്ടായിരുന്നവരെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷപ്പെടുത്തി.
വഴി പരിചയമില്ലാത്ത ആളുകളായിരുന്നു കാറിലുണ്ടായിരുന്നത്. നിറഞ്ഞൊഴുകുകയായിരുന്ന തോട് രാത്രിയായതിനാൽ ശ്രദ്ധയിൽപെട്ടതുമില്ല. 150 മീറ്ററോളം കാര്‍ ഒഴുകിപ്പോയി. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും പട്രോളിങ്ങിന് ഉണ്ടായിരുന്ന പൊലീസുകാരും ചേർന്ന് ചില്ല് തകര്‍ത്താണ് യാത്രക്കാരെ രക്ഷപെടുത്തിയത്. ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരുമാണ് കാറിൽ ഉണ്ടായിരുന്നത്. തോട്ടിൽ മുങ്ങിപ്പോയ കാർ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. അപകട മുന്നറിയിപ്പ് ഒന്നും ഇവിടെ സ്ഥാപിച്ചിരുന്നില്ല. പല അപകടങ്ങളും ഇവിടെ നടന്നിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറില്‍ പറവൂരില്‍ ഡോക്ടര്‍മാരുടെ സംഘം സഞ്ചരിച്ച കാര്‍ ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച് പുഴയിലേക്ക് മറിഞ്ഞ് അപകടത്തില്‍പ്പെട്ടിരുന്നു. രണ്ട് യുവ ഡോക്ടര്‍മാരാണ് ഈ അപകടത്തില്‍ ജീവന്‍ പൊലിഞ്ഞത്. കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ആശുപത്രിയുടെ കീഴിലുള്ള എആർ സൂപ്പർ സ്പെഷ്യാലിറ്റി ആശുപ്രതിയിലെ ഡോക്റ്റർമാരായ കൊടുങ്ങല്ലൂരിലെ ഡോ. അജ്മൽ ആസിഫ് (28), കൊല്ലം തട്ടാമല പാലത്തറ തുണ്ടിയിൽ ഡോ. അദ്വൈത് (28) എന്നിവരാണു മരിച്ചത്.