
ലോസ് ഏഞ്ചൽസ്: അമേരിക്കൻ നടനും സംവിധായകനുമായ കാൾ വെതേഴ്സ്(76) അന്തരിച്ചു. ഉറക്കത്തിനിടെയായിരുന്നു മരണമെന്ന് കാൾ വെതേഴ്സിന്റെ കുടുംബം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 50 വര്‍ഷം നീണ്ട അഭിനയ ജീവിതത്തിൽ 75ലധികം സിനിമകളിലും നിരവധി ടിവി ഷോകളിലും അഭിനയിച്ചിട്ടുണ്ട്.
‘റോക്കി’ ഫ്രാഞ്ചൈസിയിൽ അദ്ദേഹം അവതരിപ്പിച്ച അപ്പോളോ ക്രീഡ് എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. അർനോൾഡ് ഷ്വാസ്‌നെഗറിനൊപ്പം 1987-ൽ പുറത്തിറങ്ങിയ “പ്രിഡേറ്റർ” എന്ന ചിത്രത്തിലും അഭിനയിച്ച വെതേഴ്‌സ്, അടുത്തിടെ “സ്റ്റാർ വാർസ്” എന്ന സ്പിൻ-ഓഫ് സീരീസായ “ദ മാൻഡലോറിയനി”ൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ വേഷത്തിന് അദ്ദേഹത്തിന് എമ്മി പുരസ്കാര നാമനിർദ്ദേശം ലഭിച്ചിരുന്നു.
ഫുട്‌ബോളില്‍ നിന്ന് അഭിനയരംഗത്തെത്തിയ നടനാണ് കാൾ വെതേഴ്സ്. ആക്ഷന്‍ – കോമഡി ചിത്രങ്ങളാണ് അഭിനയിച്ചതിൽ അധികവും. നിരവധി ടെലിവിഷൻ സീരീസ് എപ്പിസോഡുകൾ സംവിധാനം ചെയ്തിട്ടുണ്ട്.












