‘ഇന്റര്‍നെറ്റിന്റെ രക്ഷാധികാരി’ കാര്‍ലോ അക്യൂട്ടിസ്‌ വിശുദ്ധ പദവിയിലേക്ക്

വാഷിംഗ്ടണ്‍: കൗമാരക്കാരനായ വെബ്സൈറ്റ് ഡെവലപ്പര്‍ക്ക് വിശുദ്ധപദവിയിലേക്കുള്ള വഴിയൊരുക്കി ഫ്രാന്‍സിസ് മാര്‍പാപ്പ. കംപ്യൂട്ടര്‍ ജ്ഞാനം കത്തോലിക്കാ വിശ്വാസ പ്രചാരണത്തിനുപയോഗിച്ച് 15ാം വയസ്സില്‍ അന്തരിച്ച കാര്‍ലോ അക്യൂട്ടിസ്‌ എന്ന ബാലനെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതിന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമിതി തീരുമാനിച്ചു. ഈ നൂറ്റാണ്ടില്‍ കത്തോലിക്കാസഭ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയവരില്‍ പ്രായം കുറഞ്ഞയാളും ആദ്യ കംപ്യൂട്ടര്‍ പ്രതിഭയുമാണ് കാര്‍ലോ.

1991-ല്‍ യുകെയില്‍ ജനിച്ച് ഇറ്റലിയില്‍ വളര്‍ന്ന കാര്‍ലോ അക്യൂട്ടിസ്‌, ‘ദൈവത്തിന്റെ സ്വാധീനം ഉള്ളവനെന്നും’ ‘ഇന്റര്‍നെറ്റിന്റെ രക്ഷാധികാരി’ എന്നും അറിയപ്പെടുന്നു. 2006 ഒക്ടോബറില്‍ ലുക്കീമിയ ബാധിച്ച് 15-ാം വയസ്സിലായിരുന്നു ബാലന്റെ മരണം. തന്റെ ചെറിയ ജീവിതത്തിനിടയില്‍, ലോകത്തിലെ ഓരോ ദൈവീക അത്ഭുതങ്ങളെയും പട്ടികപ്പെടുത്തുന്ന ഒരു വെബ്സൈറ്റ് കാര്‍ലോ സൃഷ്ടിച്ചു. കൂടാതെ കത്തോലിക്കാ സഭയുടെ അംഗീകൃത മരിയന്‍ ദര്‍ശനങ്ങള്‍ പട്ടികപ്പെടുത്തുകയും ചെയ്തു. കാര്‍ലോ സുവിശേഷം കഴിയുന്നത്ര ആളുകളിലേക്ക് എത്താന്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചു.

വിശുദ്ധപദവിയിലേക്കുള്ള പാതയ്ക്ക് സാധാരണയായി ഒരു വ്യക്തിയുടെ മരണശേഷം പ്രാര്‍ത്ഥനയിലൂടെ നടക്കുന്ന രണ്ട് അത്ഭുതങ്ങള്‍ ആവശ്യമാണ്. പാന്‍ക്രിയാറ്റിക് വൈകല്യവുമായി ജനിച്ച ഒരു ബ്രസീലിയന്‍ ആണ്‍കുട്ടിക്ക് രോഗശാന്തി ലഭിച്ചതിനെത്തുടര്‍ന്ന് ആദ്യത്തെ അത്ഭുതമായി വിലയിരുത്തപ്പെടുകയും 2020 ഒക്ടോബറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കാര്‍ലോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കോസ്റ്റാറിക്കന്‍ സ്ത്രീയുടെ മകള്‍ സൈക്കിള്‍ അപകടത്തില്‍ പെട്ട്, അതിജീവിക്കാനുള്ള സാധ്യത കുറവായിരുന്നു. ഇറ്റലിയിലെ അസീസിയിലെ കാര്‍ലോയുടെ ശവകുടീരത്തില്‍ കുട്ടിയുടെ അമ്മ ലിലിയാന പ്രാര്‍ത്ഥിച്ചുവെന്നും മകള്‍ ഉടന്‍ സുഖം പ്രാപിച്ചതായി അവകാശപ്പെട്ടുവെന്നും വത്തിക്കാന്‍ ന്യൂസ് പറഞ്ഞു. ഇത് രണ്ടാമത്തെ അത്ഭുതമായും വത്തിക്കാന്‍ ന്യൂസ് എടുത്തുകാട്ടുന്നു. അതേസമയം, വിശുദ്ധപദവി പ്രഖ്യാപിക്കല്‍ എപ്പോള്‍ നടക്കുമെന്ന് വ്യക്തമല്ല.

ചെറുപ്പം മുതലേ ഉയര്‍ന്ന തലത്തില്‍ കോഡ് ചെയ്യാന്‍ അറിയാവുന്ന ഒരു ‘കമ്പ്യൂട്ടര്‍ പ്രതിഭ’ ആയിരുന്നു തന്റെ മകനെന്നു കാര്‍ലോയുടെ അമ്മ അന്റോണിയ സല്‍സാനോ മുമ്പ് പറഞ്ഞിട്ടുണ്ട്. മാത്രമല്ല, ‘ചാറ്റുചെയ്യുന്നതിനോ അതുപോലെയുള്ള മറ്റെന്തെങ്കിലും കാര്യങ്ങള്‍ക്കോ മകന്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ചില്ലെന്നും യേശുവിനും വിശ്വാസത്തിനുമാണ് അവന്‍ തന്റെ കഴിവുകള്‍ ഉപയോഗിച്ചതെന്നും അമ്മ വ്യക്തമാക്കുന്നു.