പുഷ്പന്‍റെ പരാതിയിൽ കേസ്, പ്രതികരിച്ച് കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ; ‘പിണറായി ഭരണത്തിൽ ഇതൊക്കെ കോമഡി’

തിരുവനന്തപുരം: പുഷ്പന്‍റെ പരാതിയിൽ കേസെടുത്ത നടപടിയെ വിമർശിച്ചും പരിഹസിച്ചും കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ രംഗത്ത്. സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരെയാണ് കെ എസ് യു സംസ്ഥാന പ്രസിഡന്‍റിന്‍റെ വിമർശനം. പിണറായി ഭരണത്തിൽ കേസെടുക്കലൊക്കെ ഒരു കോമഡിയായി മാറിയെന്നാണ് അലോഷ്യസ് സേവ്യർ പരിഹസിച്ചത്. പൊലിസ് കലാപാഹ്വാനത്തിനാണ് കേസ് എടുത്തിരിക്കുന്നതെന്നും അലോഷ്യസ് ചൂണ്ടികാട്ടി. സ്വകാര്യ സർവകലാശാല വിഷയത്തിൽ അലോഷ്യസ് സേവ്യർ നടത്തിയ പരാമർശത്തിൻ്റെ പേരിൽ പുഷ്പൻ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

അലോഷ്യസ് സേവ്യറുടെ പ്രതികരണം ചുവടെ

സ്വകാര്യ സർവ്വകലാശാല വിഷയത്തിൽ സിപിഎം നിലപാടിനെ വിമർശിച്ച് “ഉരുണ്ടഭൂമിയിലിങ്ങനെ ഉരുണ്ടു കളിക്കുന്ന ഇടതുപക്ഷമേ നമിക്കുന്നു നിങ്ങളെ” എന്ന തലക്കെട്ടോടെ ഫേസ്ബുക്ക് കുറിപ്പ് കെ.എസ്.യു സംസ്ഥാന അധ്യക്ഷ്യൻ പോസ്റ്റ് ചെയ്തിരുന്നു. പ്രസ്തുത കുറിപ്പിൽ ഇന്നത വിദ്യാഭ്യാസ കമ്മീഷണറായിരുന്ന ടി.പി ശ്രീനിവാസനെ കുറിച്ചും, പുഷ്പനെ കുറിച്ചും പരാമർശിച്ചിട്ടുണ്ട്. “രാഷ്ട്രീയ നാടകങ്ങൾക്കായ് നിങ്ങൾ രക്തസാക്ഷികളാക്കിതീർത്തവരോടും, ജീവിക്കുന്ന രക്തസാക്ഷിയോടും നിങ്ങൾ കാണിച്ച നീതികേട് കാലം ഓർത്തിരിക്കും.
പുഷ്പനെ അറിയാമോ?
ഞങ്ങടെ പുഷ്പനെ അറിയാമോ?
ആ വരികൾ വലിയ ചോദ്യത്തിലേക്കാണ് ഇടതുപക്ഷത്തെ നയിക്കുന്നത്. പുഷ്പനെ അറിയില്ലെങ്കിൽ അറിയാൻ ശ്രമിക്കുക. പുഷ്പന് എഴുനേറ്റ് നിൽക്കാൻ സാധിക്കുന്ന ഒരു കാലം വരുമെങ്കിൽ ആദ്യം ആ മനുഷ്യൻ ചെയ്യുക നിങ്ങടെ കവിളിൽ നോക്കി ആഞ്ഞൊരു അടി തരിക തന്നെയാവും.” എന്ന ഭാഗമാണ് പുഷ്പനെ കുറിച്ച് പരാമർശിച്ച് സിപിഎമ്മിനെ വിമർശിച്ചിരിക്കുന്നത്.

അതേ സമയം, തങ്ങൾക്കെതിരെ വിമർശനം ഉന്നയിച്ചാൽ കള്ളക്കേസെടുത്ത് നിഷബ്ദരാക്കി കളയാം എന്ന് കരുതുന്നുണ്ടെങ്കിൽ അത് മലർപൊടിക്കാരൻ്റെ സ്വപ്നം മാത്രമായി അവശേഷിക്കുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് പറഞ്ഞു. സിപിഎം കുറഞ്ഞ പക്ഷം രക്തസാക്ഷികളോട് മാപ്പ് പറയാനെങ്കിലും തയാറാകണം. കേരളത്തിൻ്റെ വിദ്യാഭാസ മേഖലയെ ബഹുദൂരം പിന്നോട്ടടിക്കുന്ന നയങ്ങളാണ് സിപിഎം കാലാകാലങ്ങളായി സ്വീകരിച്ചു വരുന്നത്. തളളിപ്പറയാനും അത് തിരുത്തിപ്പറയാനും സിപിഎമ്മിന് യാതൊരു മടിയുമില്ല എന്നതിൻ്റെ ഉദാഹരണമാണ് സ്വകാര്യ – വിദേശ സർവ്വകലാശാല വിഷയത്തിലെ മലക്കം മറിച്ചിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെട്ട മാർക്ക് ലിസ്റ്റ് വിവാദത്തിൽ വിമർശനം ഉന്നയിച്ചതിൻ്റെ പേരിലും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റിനെതിരെ കേസെടുത്തിരുന്നു.

Case against KSU state president Aloysius Xavier on Pushpans complaint details

More Stories from this section

family-dental
witywide